ട്രംപിന്റെ വിമർശനങ്ങൾ തള്ളി ഇൽഹാൻ ഒമറിന്റെ മാസ് ജയം; മിനസോട്ടയിൽ വീണ്ടും ചരിത്രം കുറിച്ച് മുന്നോട്ട്
ഷീബ വിജയൻ
അമേരിക്കയിലെ മിനസോട്ട സ്റ്റേറ്റിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ മിന്നും വിജയം കരസ്ഥമാക്കി സാമൂഹികപ്രവർത്തകയായ ഇൽഹാൻ ഒമർ. 80 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇവർ എതിരാളികളെ പരാജയപ്പെടുത്തിയത്. ഈ വിജയത്തിലൂടെ നവംബറിൽ നടക്കുന്ന ഇടക്കാല പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി സ്ഥാനാർഥിത്വം ഇൽഹാൻ ഉറപ്പിച്ചു. യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കൻ അഭയാർത്ഥിയും ആദ്യ രണ്ട് മുസ്‌ലിം വനിതകളിലൊരാളുമണ് ഇൽഹാൻ.
അമേരിക്കയിലെ മിന്നെപൊളിസ് നഗരത്തെ പ്രതിനിധീകരിച്ച് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട ഇൽഹാനെതിരെ, പ്രൈമറി തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികൾക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. മറ്റ് സ്ഥാനാർഥികളെ അപേക്ഷിച്ച് 80 ശതമാനത്തിലധികം വോട്ടുകൾ ഇൽഹാന് നേടാനായെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 99 ശതമാനം വോട്ടുകളും എണ്ണിത്തീർന്നപ്പോൾ 1,22,640 വോട്ടുകളാണ് ഇൽഹാന് ലഭിച്ചത്. തൊട്ടുപിന്നാലെയുള്ള ജൂലി ട്രാങ്ങ് ലെയിന് 10,201 വോട്ടും, ലാറ്റോണ്യ ടി.റീവ്സിന് 9,131 വോട്ടും മാത്രമേ ലഭിച്ചുള്ളൂവെന്ന് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. ഇൽഹാൻ ഒമറിനെ കൂടാതെ, ജൂലി ട്രാങ്ങ് ലെ, ലാറ്റോണ്യ ടി.റീവ്സ്, നാറ്റ് ഷെൽട്ടർ, അബീന മക്കെൻസി എന്നിവരാണ് ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ചിരുന്നത്.
റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ തന്റെ എതിരാളികളെ വീഴ്ത്തിയ ജോൺ നാഗെലുമായിട്ടാണ് നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇൽഹാൻ ഏറ്റുമുട്ടേണ്ടിവരിക. 7,777 വോട്ടുകൾ നേടിയാണ് നാഗെൽ ജയിച്ചുകയറി സ്ഥാനാർഥിത്വം ഉറപ്പിച്ചത്. കടുത്ത പോരാട്ടം നടക്കുമെന്ന് ഇരുകൂട്ടരും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും, മിനസോട്ടയെന്നത് ശക്തമായ ഡെമോക്രാറ്റിക് കോട്ടയായതിനാൽ ഇൽഹാൻ ഒമർ അനായാസം ജയിച്ചുകയറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സോമാലിയൻ വംശജയായ ഇൽഹാൻ ഒമർ നാല് തവണ യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പലഘട്ടങ്ങളിലായി രൂക്ഷവിമർശനമുന്നയിക്കുകയും മനുഷ്യാവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും ചെയ്യുന്ന സാമൂഹിക പ്രവർത്തകയാണ് ഇൽഹാൻ. 2018 ലാണ് ആദ്യമായി യുഎസ് കോൺഗ്രസിലേക്ക് ഇവർ തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 2020, 22, 24 വർഷങ്ങളിലും ജനഹിതം അവരോടൊപ്പമായിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് വീണ്ടുമൊരു പ്രൈമറി തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിക്കൊണ്ട് ഇടക്കാല പൊതുതെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർഥിത്വം ഇവർ ഉറപ്പിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാർഥികളെ കുറിച്ചും അഭയാർത്ഥികളെ കുറിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ അധിക്ഷേപവർഷം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇൽഹാന്റെ വിജയം. നേരത്തെ മിഷിഗണിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ അബ്ദുൽ അൽ സഈദുമായും ട്രംപ് കൊമ്പുകോർത്തിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ അമേരിക്ക ജിഹാദി ഭരണകൂടത്തിലേക്ക് വഴിമാറുമെന്നും അമേരിക്കൻ രാഷ്ട്രീയത്തിൽ കമ്യൂണിസവും ജിഹാദിസവും സ്വാധീനം ചെലുത്തുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഡെമോക്രാറ്റിക് സ്ഥാനാർഥികളിൽ ചിലർ തീവ്രവാദികളാണെന്നും പല കേസുകളിലും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവരാണെന്നും ട്രംപ് കുറ്റപ്പെടുത്തുകയുണ്ടായി.
സോമാലിയ പോലുള്ള രാജ്യങ്ങളിൽ നിന്നെത്തിയ കുടിയേറ്റക്കാർ എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണെന്നും അമേരിക്ക പോലൊരു രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആരും പഠിപ്പിക്കേണ്ടതില്ലെന്നും ട്രംപ് പരിഹസിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ശക്തമായി തുറന്നടിക്കുന്ന നേതാക്കളാണ് അബ്ദുൽ അൽ സഈദും ഇൽഹാൻ ഒമറും. ഇസ്രായേലിന് അനുകൂലമായ യുദ്ധങ്ങൾക്കായി പണം ചെലവഴിക്കുന്നതിന് പകരം, ആ തുക അമേരിക്കയിലെ വികസന പ്രവർത്തനങ്ങൾക്കായും ആരോഗ്യം, ഭവനനിർമാണം, അടിസ്ഥാന സംവിധാനം എന്നിവ മെച്ചപ്പെടുത്താനും ഉപയോഗിക്കണമെന്നാണ് ഇവരുടെ പ്രധാന വാദം. ഡെമോക്രാറ്റിക് പാർട്ടിയിലും പൊതുവേ അമേരിക്കൻ ജനതക്കിടയിലും ഇസ്രായേലിനുള്ള വിമർശനം ശക്തമാകുന്നതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തൽ.
dgdfdgssdf

