യെമനിൽ ഭർത്താവിനെ വധിച്ച മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവച്ചു
സന: യെമനിൽ ഭർത്താവിനെ വധിച്ച മലയാളി യുവതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്നാണ് കേസ്.
കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമനിൽ ജയിലിലാണ്. ഇതിനിടെ ഇവർ സംസ്ഥാന സർക്കാരിന്റെ സഹായം തേടിയിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവർ കത്തിൽ ആരോപിച്ചു.
പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായി. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തിയെന്നും ഇവർ സർക്കാരിനയച്ച കത്തിൽ പറഞ്ഞിരുന്നു.

