അമേരിക്കയെ കാർന്നു തിന്ന് കോവിഡ് ; വൈറ്റ് ഹൗസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരി രാജ്യത്തെ കാർന്നു തിന്നുന്നത് വകവയ്ക്കാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. "2020 സല്യൂട്ട് അമേരിക്ക' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആഘോഷപരിപാടികൾ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുമെന്നും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ആഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത്തരം മുന്നറിയിപ്പുകളെയെല്ലാം ട്രംപ് അവഗണിച്ചു. പ്രഥമ വനിത മെലാനിയ ട്രംപിനോടൊപ്പമാണ് അദ്ദേഹം ചടങ്ങുകളിൽ സംബന്ധിച്ചത്. മുൻ വർഷത്തേതിനേ അപേക്ഷിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ക്ഷണിക്കപ്പെട്ട നിരവധി പേർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു. ട്രംപിന്‍റെ ഈ നടപടിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തന്നെ അമർഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചില പ്രാദേശിക അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

