ആത്മഹത്യയ്ക്ക് വഴി പറഞ്ഞുകൊടുത്ത 'ജെമിനിക്കെതിരെ' നിയമപോരാട്ടവുമായി മാതാപിതാക്കൾ
ഷീബ വിജയൻ
വാഷിങ്ടൺ: ആത്മഹത്യ ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ ‘ജെമിനി’ ചാറ്റ്‌ബോട്ട് സഹായിച്ചെന്നാരോപിച്ച് ഗൂഗ്ളിനെതിരെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. സ്കൂളിൽനിന്ന് നൽകിയ ലാപ്ടോപ്പിലാണ് പതിമൂന്നുകാരിയായ വിദ്യാർഥിനി ആത്മഹത്യയെക്കുറിച്ചും സ്വന്തം ശവസംസ്കാര ചടങ്ങുകളെക്കുറിച്ചും തിരഞ്ഞത്. സുരക്ഷാ മുന്നറിയിപ്പുകൾ നൽകാതെ ഗൂഗിൾ എ.ഐ ചാറ്റ്ബോട്ടുകൾ സ്കൂളുകളിലും വിദ്യാർഥികൾക്കിടയിലും അടിച്ചേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതി ബുധനാഴ്ച ഫെഡറൽ കോടതിയിലേക്ക് മാറ്റി. 'എമ്മ' എന്നുപേരുള്ള 13 വയസ്സുള്ള പെൺകുട്ടിയാണ് സ്കൂൾ നൽകിയ ക്രോംബുക്കിലൂടെ ജെമിനി എ.ഐ ഉപയോഗിച്ചത്. വിവിധ ആത്മഹത്യാ മാർഗങ്ങളെക്കുറിച്ച് കുട്ടി ജെമിനിയുമായി ചർച്ച ചെയ്യുകയും സ്വന്തം ശവസംസ്കാര ചടങ്ങിന് പദ്ധതിയിടുകയും ചെയ്തെങ്കിലും, ഗൂഗ്ളിന്റെ ഭാഗത്തുനിന്ന് യാതൊരു മുൻകരുതലും ഉണ്ടായിരുന്നില്ല. എമ്മ ഉപയോഗിച്ചിരുന്ന 'ജെമിനി 3 ഫ്ലാഷ്' വേർഷൻ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കൈകാര്യം ചെയ്യാൻ സുരക്ഷിതമല്ലെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടി ശവസംസ്കാര പ്ലാനുകളെക്കുറിച്ച് എഴുതിയ ഡോക്യുമെന്റ് സ്കൂൾ സോഫ്റ്റ്‌വെയർ ഫ്ലാഗ് ചെയ്തതിനെത്തുടർന്നാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. തന്റെ മാനസികാവസ്ഥ കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ചാറ്റ്‌ബോട്ട് സഹായിച്ചെന്നും പരാതിയിലുണ്ട്. ഗൂഗിൾ വക്താവ് ജോസ് കാസ്റ്റാനെഡ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. സംഭവത്തിന് പിന്നാലെ സ്കൂൾ വിദ്യാർഥികളുടെ അക്കൗണ്ടുകളിൽ ജെമിനി ഡിഫോൾട്ടായി ഓഫ് ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
adfdsdfsdsf

