അമേരിക്കയുടെ വമ്പൻ ഓഫർ: ഇറാന്റെ ആണവ രഹസ്യം നൽകിയാൽ 180 കോടി പാരിതോഷികം
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് മില്യൺ ഡോളർ (ഏകദേശം 180 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ആണവശാസ്ത്രജ്ഞർ, സാങ്കേതികവിദ്യകൾ, പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് യുഎസ് ആവശ്യപ്പെടുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 'റിവാർഡ്സ് ഫോർ ജസ്റ്റിസ്' പദ്ധതി വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. വിവരങ്ങൾ നൽകുന്നവർക്ക് സുരക്ഷിതമായ രഹസ്യ ആപ്പുകൾ വഴിയോ ടോർ അധിഷ്ഠിത സംവിധാനങ്ങൾ വഴിയോ ബന്ധപ്പെടാം.
പാരിതോഷികത്തിന് പുറമെ ആവശ്യമാണെങ്കിൽ മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി താമസം മാറ്റാനുള്ള സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ എന്ത് നടപടിയും സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുന്നതിനിടയിലാണ് യുഎസിന്റെ ഈ അപ്രതീക്ഷിത നീക്കം. ഇറാനെതിരെ ആവശ്യമെങ്കിൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും യുഎസ് ഭരണകൂടം ആലോചിക്കുന്നുണ്ട്.
DSVDFSDFS

