ഇസ്രായേലിന് കനത്ത തിരിച്ചടി; 3.8 ബില്യൺ ഡോളർ സൈനിക സഹായം അവസാനിപ്പിക്കാൻ അമേരിക്ക
ഷീബ വിജയൻ
ജറുസലേം: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിട്ട തിരിച്ചടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെയും നയതന്ത്ര സുരക്ഷയെയും പ്രതിസന്ധിയിലാക്കുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ട്രംപിന്റെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയ നെതന്യാഹുവിന്, വാഷിംഗ്ടണിൽ ഡെമോക്രാറ്റുകൾ പിടിമുറുക്കിയതോടെ സഖ്യകക്ഷിയുടെ പൂർണ പിന്തുണ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഗസ്സ യുദ്ധം, ഇറാൻ സംഘർഷം, വെസ്റ്റ് ബാങ്കിലെ കുടിയേറ്റ അതിക്രമങ്ങൾ എന്നിവയിൽ ഇസ്രായേലിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പുരോഗമന ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ആവശ്യപ്പെടുന്നത് ഇസ്രായേലിന് ഭീഷണിയാണ്. അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യം ഇസ്രായേലിനെ സംബന്ധിച്ച് 'ഒരു മഹാദുരന്തമാണ്' എന്ന് നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകൻ അമിത് സെഗൽ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ വോട്ടർമാർക്കിടയിലെ യുദ്ധവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് ട്രംപ് ഭരണകൂടം തന്നെ ഇസ്രായേലിനുള്ള സഹായം വെട്ടിക്കുറയ്ക്കുകയാണ്. ഇസ്രായേലിന് വർഷം തോറും നൽകിവരുന്ന 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായം ഈ വർഷത്തോടെ അവസാനിപ്പിക്കാൻ നെതന്യാഹുവുമായി ധാരണയിലെത്തിയതായി തെരഞ്ഞെടുപ്പ് ദിനത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു. ജനപിന്തുണ തിരിച്ചുപിടിക്കാൻ ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേലുമായുള്ള ബന്ധം മാറ്റണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടു. ഒറ്റപ്പെടൽ ഒഴിവാക്കാൻ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ ക്രിപ്‌റ്റോകറൻസികളെ ആശ്രയിക്കേണ്ടി വരുമെന്ന് നെതന്യാഹു സൂചിപ്പിച്ചിരുന്നു.
gsdfgdfsds

