ജർമനിയിലും നെതർലൻഡ്സിലും അറവുശാലകൾ വഴി കോവിഡ് പടരുന്നതായി റിപ്പോർട്ട്

ബെർലിൻ: ജർമനിയിൽ അറവുശാലകൾ വഴി കോവിഡ് പടരുന്നതായി റിപ്പോർട്ട്. ജർമനിക്കു പുറമേ നെതർലൻഡ്സിലും അറവുകാരിൽ കോവിഡ് ബാധ വ്യാപകമായി കണ്ടെത്തി. രോഗബാധിതരായ ജീവനക്കാരിലൂടെ സമൂഹത്തിലേക്കും കോവിഡ് പടർന്നേക്കാമെന്ന് ആശങ്കകൾ. നെതർലൻഡ്സിലെ ഗ്രോയൻലോയിലെ അറവുശാലയിലെ 657 ജീവനക്കാരിൽ 147 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡച്ച് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഇവരിൽ 68 പേർ നെതർലൻഡ്സിലും 79 പേർ അതിർത്തിക്കപ്പുറത്ത് ജർമനിയിലുമാണ് താമസിക്കുന്നത്. നെതർലൻഡ്സിലെ അറവുശാലയിൽനിന്നാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് സൂചന.
ജീവനക്കാരെ ഒരുമിച്ചു കൊണ്ടുവന്നതും ഒരുമിച്ചു താമസിപ്പിച്ചതും രോഗം വ്യാപിക്കാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹത്തിലേക്കും വൈറസ് പടരാൻ സാധ്യതയുണ്ട്. ഇതേത്തുടർന്ന് രോഗ വ്യാപനം തടയാനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.