ധനസഹായം ശ്വാശതമായി നിർത്തലാക്കും; ലോകാരോഗ്യ സംഘടനയോട് ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയെ (ഡബ്ല്യൂഎച്ച്ഒ) വീണ്ടും ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഡബ്ല്യൂഎച്ച്ഒ അതിന്‍റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംഘടനയ്ക്കുള്ള ധനസഹായം നിർത്തുമെന്നും അഗത്വം പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു.
ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ തെഡ്രോസ് അധനോം ഗെബ്രയേസൂസിന് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കത്തിന്‍റെ പകർപ്പ് ട്രംപ് ട്വീറ്റ് ചെയ്തു. ഇത് സ്വയം വിശദീകരിക്കുന്നതാണെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
അടുത്ത 30 ദിവസത്തിനുള്ളിൽ കാതലായ മാറ്റം വരുത്തണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
ചൈനയോട് പക്ഷപാതം കാണിക്കുന്നെന്ന് ആരോപിച്ച് ഏപ്രിൽ പകുതിയോടെ ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം ട്രംപ് താൽക്കാലികമായി നിർത്തിയിരുന്നു. ധനസഹായം ശ്വാശതമായി നിർത്തലാക്കുമെന്നാണ് ട്രംപിന്‍റെ ഇപ്പോഴത്തെ ഭീഷണി.കോറോ ണയെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയുടെ പോരായ്മകൾ കത്തിൽ ഉദാഹരണ സഹിതം ട്രംപ് വിശദീകരിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ സംഘടന അവഗണിച്ചെന്നും ട്രംപ് കത്തിൽ പറയുന്നു. നിങ്ങളും സംഘടനയും എടുത്ത തെറ്റായ നടപടികൾ മൂലം ലോകത്തിന് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ചൈനയിൽനിന്നും സ്വാതന്ത്ര്യം പ്രഖാപിക്കുകയാണ് ലോകാരോഗ്യസംഘടനയ്ക്കു മുന്നിലുള്ള ഏക പോംവഴിയെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു.