യുഎസ്സിന് കഴിഞ്ഞ മാസം വൈദ്യ സഹായ ഇനത്തിൽ റഷ്യ നൽകിയത് 6,60,000 ഡോളർ
ന്യൂയോർക്ക്: കോവിഡ് വ്യാപനത്തിൽ വലയുന്ന യുഎസ്സിന് കഴിഞ്ഞ മാസം നൽകിയ വൈദ്യ സഹായത്തിന് റഷ്യ വിലയിട്ടത് 6,60,000 ഡോളർ. ഗ്യാസ് മാസ്കുകൾ, ഗാർഹിക ക്ലീനിംഗ് ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്ന സഹായമാണ് റഷ്യ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. ആശുപത്രികൾ സാധാരണ ഉപയോഗിക്കാത്ത ആയിരക്കണക്കിന് ഗ്യാസ് മാസ്കുകൾ, ഗാർഹിക ക്ലീനിംഗ് ഗ്ലൗസുകൾ എന്നിവയും അതിൽ ഉൾപ്പെട്ടിരുന്നു. വോൾട്ടേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം, പെട്ടെന്ന് ഉപയോഗിക്കാനാവാത്ത 45 വെന്റിലേറ്ററുകളും ചരക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂയോർക്കിൽ അനിയന്ത്രിതമായി കൊറോണ രോഗം വ്യാപിക്കുകയും മെഡിക്കൽ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മാർച്ച് 30 നാണ് ട്രംപ് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനോട് സഹായം തേടിയത്. ഇതെതുടർന്ന് ന്യൂയോർക്ക് നഗരത്തിലെ ജോണ് എഫ് കെന്നഡി വിമാനത്താവളത്തിൽ ഏപ്രിൽ ഒന്നിന് ജീവൻരക്ഷാ ഉപകരണങ്ങളുമായി റഷ്യയുടെ വിമാനം ഇറങ്ങി. തൊട്ടുത്തുള്ള ആശുപത്രികൾക്കുപോലും വിമാനത്തിലെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനായോ എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആയിരക്കണക്കിന് ശ്വസന സഹായോപകരണങ്ങൾ, സർജിക്കൽ ഗ്ലൗസുകൾ, മെഡിക്കൽ വസ്ത്രങ്ങൾ, ആന്റിസെപ്റ്റിക് പാക്കറ്റുകൾ എന്നിവയും വിമാനത്തിൽ ഉണ്ടായിരുന്നു.വിമാനത്തിൽ റഷ്യൻ സഹായം എത്തിയ വേളയിലും പിന്നീടും കയറ്റുമതിയുടെ വിശദാംശങ്ങളും വിലയും സംബന്ധിച്ച് പൊതുവിവരങ്ങൾ ലഭ്യമായിരുന്നില്ല.

