ഷെറിൻ്റെ കൊലപാതകം: മലയാളി വളർത്തച്ഛന് അമേരിക്കയിൽ‍ ജീവപര്യന്തം


യോർ‍ക്ക്: അമേരിക്കയിൽ‍ ഷെറിൻ‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ‍ വളർ‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. 2017 ഒക്‌ടോബറിൽ‍ നടന്ന സംഭവത്തിൽ‍ അമേരിക്കൻ‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദത്തുപുത്രിയെ കൊന്നു കലുങ്കിനടിയിൽ‍ ഒളിപ്പിച്ചു എന്നാണ് കേസ്. മാനസീക പ്രശ്നങ്ങളെ തുടർ‍ന്ന് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. ഡാലസ് ജില്ലാക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഷെറിൻ മാത്യൂസ്(3) റിച്ചഡ്സണിലെ വീട്ടിൽ നിന്നു കാണാതാകുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ‍ വെസ്‌ലിയെയും ഭാര്യ സിനിയെയും (35) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് സിനിയുടെ മേൽ ചുമത്തിയത്. എന്നാൽ‍ തെളിവിന്റെ അഭാവത്തിൽ‍ സിനിയെ വിട്ടയച്ചിരുന്നു.

മൂന്ന് വയസ്സുള്ള ഷെറിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയശേഷം 4 വയസ്സുള്ള സ്വന്തം പുത്രിയുമായി ഭക്ഷണം കഴിക്കാൻ പുറത്തുപോയെന്നാണ് ദന്പതികൾ ആദ്യം പറഞ്ഞത്. പാലു കുടിക്കാതിരുന്നതിന് പുലർച്ചെ മൂന്നിന് വീട്ടിനു പുറത്ത് നിർത്തിയെന്നും പിന്നീടെത്തിയപ്പോൾ കണ്ടില്ലെന്നും മാറ്റിപ്പറഞ്ഞു. പാൽ കുടിച്ചപ്പോൾ ശ്വാസം മുട്ടലുണ്ടായി മരിച്ചുവെന്നും മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടയിൽ കൊണ്ടിടുകയായിരുന്നുവെന്നുമായിരുന്നു ഒടുവിൽ‍ വെസ്ലി പോലീസിനോട് പറഞ്ഞത്. ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാൻ‍ മലയാളി യുവാവ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിക്കുകയും ചെയ്തു.

അതേസമയം, ഡാലസ് കോടതി വെസ്‌ലിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.

ഗാരേജിൽ വച്ച് പാലു കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയർന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്‍ലി പറയുന്നു. ഉടനെ സിപിആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭയംകൊണ്ട് 911ൽ വിളിക്കുന്നതിനും സാധിച്ചില്ല. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത മാനസികാവസ്ഥയായി. കുഞ്ഞ് ഇത്രപെട്ടെന്ന് തന്നെ വിട്ടുപോയെന്ന് വിശ്വസിക്കാനായില്ല. ശരിക്കും തളർന്നു പോയി. സാഹചര്യം വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കാനുള്ള ശ്രമമായിയെന്നും വെസ്‍ലി കോടതിയിൽ പറഞ്ഞു. 

പൂർ‍വകുറ്റകൃത്യ പശ്ചാത്തലമില്ലെന്നും പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നും വെസ്ലിയുടെ അഭിഭാഷകന്‍ കോടതിയിൽ‍ ബോധിപ്പിച്ചു. വിചാരണയിൽ‍ വെസ്ലിയുടെ ഭാര്യ സിനിയും സന്നിഹിതയായിരുന്നു. അമേരിക്കന്‍ മലയാളിയായ മാത്യൂസും ഭാര്യ സിനിയും എറണാകുളം സ്വദേശികളാണ്. ബീഹാറിലെ ഒരു അനാഥാലയത്തിൽ‍ നിന്നായിരുന്നു ഇവർ‍ കുട്ടിയെ ദത്തെടുത്തത്.

ആന്തരികാവയങ്ങൾ‍ പുഴുക്കൾ‍ തിന്നു തീർ‍ത്ത ശേഷമാണു മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയതെന്നും അതിനാൽ‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോർ‍ട്ടം ചെയ്ത ഡോക്ടർ‍ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. പാൽ ശ്വാസകോശത്തിൽ‍ ചെന്നാണ് മരണമെന്ന വെസ്ലിയുടെ വാദം ഉറപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടർ‍ എലിസബത്ത് പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed