ഉണ്ടയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം നടപടിയെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മമ്മൂട്ടി ചിത്രമായ ‘ഉണ്ട’യുടെ ചിത്രീകരണ വേളയിൽ പരിസ്ഥിതി നാശമുണ്ടാക്കിയതിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. കാസർകോട് കാറുടുക്ക റിസർവ് വന ഭൂമിയിലുണ്ടാക്കിയ പരിസ്ഥിതി നാശത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് കോടതി നിർദ്ദേശം. സിനിമ ഷൂട്ടിംഗിനായി വനഭൂമിയിൽ വനേതര പ്രവർത്തനങ്ങൾ നടത്തിയത് അധികൃതർ തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂരിലെ അനിമൽ ലീഗൽ ഫോഴ്സ് ഇന്‍റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുകയായിരുന്നു കോടതി.
ഷൂട്ടിംഗിന് വേണ്ടി മണ്ണിട്ട് റോഡുണ്ടാക്കി രൂപമാറ്റം വരുത്തിയ വനഭൂമി പൂർവസ്ഥിതിയിലാക്കാത്തപക്ഷം കേന്ദ്ര സർക്കാർ തന്നെ ഇതിനുള്ള നടപടിയും സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിനാവശ്യമായ ചിലവ് സിനിമ നിർമ്മാതാക്കളായ മൂവി മിൽ പ്രൊഡക്ഷനിൽ നിന്ന് ഈടാക്കണം. അന്വേഷണവും വനഭൂമി പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.
വനഭൂമിയിൽ ഷൂട്ടിംഗിന് അനുമതി നൽകിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു വനം അധികൃതരുടെ വിശദീകരണം. എന്നാൽ, പരിസ്ഥിതി നശിപ്പിക്കുന്ന തരത്തിൽ ഇടപെടലുണ്ടായെന്ന് ഹരജിക്കാരൻ ഹാജരാക്കിയ ചിത്രങ്ങൾ പരിശോധിച്ച കോടതി വ്യക്തമാക്കി.

