ഉത്തരകൊറിയ ആണവ പരീക്ഷണം നിർത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ചൈന
ബെയ്ജിംഗ് :കഴിഞ്ഞ വർഷം നടന്ന ശക്തിയേറിയ പരീക്ഷണത്തിനിടെ ഉത്തരകൊറിയയുടെ ‘രഹസ്യ’ ഭൂഗർഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകർന്നതായി റിപ്പോർട്ട്. ചൈനീസ് ഭൂകന്പശാസ്ത്രജ്ഞർ ആണ് ഇക്കാര്യം അറിയിച്ചത്. തുടർ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിൽ മാണ്ടപ്സനെ പർവ്വതത്തിൽ നിർമ്മിച്ച ഭൂഗർഭ പരീക്ഷണ കേന്ദ്രം തകർന്നതായാണ് കണ്ടെത്തൽ. ഇവിടെയുള്ള ആണവ –ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നുവെന്ന ഏകാധിപതി കിം ജോംഗ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഉന്നിന്റെ പ്രസ്താവനയെ യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തിരുന്നു. പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടണമെന്നത് ഏറെ നാളായുള്ള യു.എസ്സിന്റെ ആവശ്യമായിരുന്നു. എന്നാൽ ഇനിയൊരു പരീക്ഷണം നടത്താനാകാത്ത വിധം മാണ്ടപ്സനെയിലെ പങ്‌ങ്ങ്യു–റിയിലെ കേന്ദ്രം തകർന്നതാണ് കിമ്മിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് ചൈന വ്യക്തമാക്കുന്നത്.
ഉത്തരകൊറിയയുടെ ആറ് ആണവപരീക്ഷണങ്ങളിൽ അഞ്ചെണ്ണം പങ്‌ങ്ങ്യു–റിയിലെ പരീക്ഷണകേന്ദ്രത്തിൽനിന്നായിരുന്നു. 2017 സപ്റ്റംബർ മൂന്നിന് 6.3 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിനും കാരണമായ പരീക്ഷണമായിരുന്നു ഇതിൽ വലുത്. ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണമാണ് അന്നുനടത്തിയതെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. അതേസമയം, പരീക്ഷണത്തിന് പിന്നാലെ തുടർച്ചയായുണ്ടായ മണ്ണിടിച്ചിൽ, ഭൂകന്പങ്ങൾ തുടങ്ങിയവ പങ്‌ങ്ങ്യു–റിയുടെ തകർച്ചയിലേക്ക് വിരൽചൂണ്ടിയിരുന്നു. കഴിഞ്ഞ വർഷമുണ്ടായ ആദ്യത്തെ ഭൂകന്പത്തിനുപിന്നാലെ എട്ടര മിനിറ്റുകൾക്ക് ശേഷമുണ്ടായ 4.1 തീവ്രതയുടെ ഭൂകന്പം മാണ്ടപ്സനെയിലെ പാറകൾ തകരുന്നതിന് കാരണമായെന്ന് ചൈനീസ് വിദഗ്ദ്ധരുടെ പഠനങ്ങളിൽ പറയുന്നു. തകർച്ചയുടെ ഭാഗമായി റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ചയുണ്ടോയെന്ന് തുടർച്ചയായി വിലയിരുത്തണമെന്നും ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പഠനത്തിൽ വ്യക്തമാക്കുന്നു. മാണ്ടപ്സനെയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നതാണ് തകർച്ചയെന്നും അതിനാൽ ഭാവിയിൽ ഇവിടെ പരീക്ഷണങ്ങൾ നടത്താൻ കഴിയില്ലെന്നും പഠനത്തിൽ പറയുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യു.എസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിനേക്കാളും (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തരകൊറിയ കഴിഞ്ഞ സപ്റ്റംബറിൽ പരീക്ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ അന്ന് ഉത്തരകൊറിയൻ അതിർത്തിയിലെ സ്‌ഫോടനം 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. 2006, 2009, 2013, 2016 വർഷങ്ങളിലും ഇവിടെ ‘സ്‌ഫോടന’ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെ ഉൾപ്പെടെ ഈ പരീക്ഷണശാലയിലെ ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുപ്പിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
