യു.എസ് സങ്കുചിത ദേശീയത ഉപേക്ഷിക്കണമെന്ന് മക്രോൺ
വാഷിംഗ്ടൺ : ആഗോള സാന്പത്തികവളർച്ചയ്ക്ക് ഭീഷണിയായ സങ്കുചിത ദേശീയതയും ഒറ്റപ്പെടലും ഉപേക്ഷിക്കാൻ യു.എസ് തയ്യാറാവണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. യു.എസ് പര്യടനത്തിന് സമാപനം കുറിച്ച് കോൺഗ്രസ്സിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ലോകക്രമത്തിൽനിന്ന് മാറിനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രലോഭനം ഉണ്ടായേക്കാമെന്നും എന്നാൽ ഇത് പ്രയോജനം ചെയ്യില്ലെന്നും പറഞ്ഞ മക്രോൺ ബഹുസ്വരത യു.എസ്സിന്‍റെ കണ്ടുപിടിത്തമാണ്. ഇതു നിലനിർത്താനും നവമായി ആവിഷ്കരിക്കാനും യു.എസ് തന്നെ മുന്നോട്ടുവരണമെന്നും വ്യക്തമാക്കി. സ്വാതന്ത്ര്യം, സഹിഷ്ണുത, തുല്യ അവകാശം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയ യു.എസ്− ഫ്രാൻസ് ബന്ധം തകർക്കാനാവാത്തതാണെന്നും മക്രോൺ ഒാർമ്മിപ്പിച്ചു. കോൺഗ്രസ് അംഗങ്ങൾ ഹർഷാരവത്തോടെയാണ് മക്രോണിനെ എതിരേറ്റത്.
ചൊവ്വാഴ്ച ട്രംപുമായി മക്രോൺ നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ ആണവ പ്രശ്നവും സിറിയൻ പ്രശ്നവും ചർച്ചാവിഷയമായി.
