കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാത്തവർക്കെതിരെ ശക്തമായ നടപടി : മന്ത്രി പി. തിലോത്തമൻ
തിരുവനന്തപുരം : കുപ്പിവെള്ളം വിലകുറച്ചു വിൽക്കാൻ തയ്യാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിക്കുകയാണ്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നൽകാൻ നിർമ്മാതാക്കൾ തയ്യാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷൻ നിശ്ചയിച്ച് 12 രൂപയ്ക്ക് വിൽക്കാനുള്ള തീരുമാനം സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈക്കൊണ്ടത്. എന്നാൽ എട്ടു രൂപയ്ക്ക് നിർമ്മാതാക്കളിൽ നിന്ന് വാങ്ങി 12 രൂപയ്ക്ക് വിൽക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല. 12 രൂപ പ്രിന്‍റ് ചെയ്ത കുപ്പിവെള്ളം വ്യാപാരികൾ നിർമ്മാതാക്കളിൽ നിന്ന് വിൽപ്പനയ്ക്കായി എടുക്കാത്തതാണ് നിലവിലെ പ്രശ്നം. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാനാണ് അവശ്യ വസ്തുക്കളുടെ പട്ടികയിൽ കുപ്പിവെള്ളത്തെക്കൂടി കൊണ്ടുവരാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്.
നിയമനിർമ്മാണം നടത്തുന്നതോടെ വ്യാപാരികൾ 12 രൂപയ്ക്ക് കുപ്പിവെള്ളം വിൽപ്പന നടത്തേണ്ടി വരും. അല്ലാത്തപക്ഷം സർക്കാരിന് നടപടി സ്വീകരിക്കാം. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഇതു മറികടക്കാനുള്ള ശ്രമമാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്.
