സിറിയയിൽ എപ്പോൾ ആക്രമണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി : രാസായുധാക്രമണത്തിന്‍റെ പേരിൽ സിറിയയ്ക്കു നേരെ ആക്രമണഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനു മനംമാറ്റം. ആക്രമണം എപ്പോൾ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇന്നലെ അവകാശപ്പെട്ടു. “ചിലപ്പോൾ ഉടൻ നടത്തിയേക്കാം, ഉടൻ നടത്തിയില്ലെന്നും വരാം”− ട്വിറ്ററിൽ ട്രംപ് അറിയിച്ചു.
അമേരിക്ക മിസൈൽ അയച്ചാൽ വെടിവച്ചിടുമെന്ന് സിറിയൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യ ബുധനാഴ്ച പറഞ്ഞിരുന്നു. ട്രംപിന്‍റെയും റഷ്യയുടെയും പോർവിളികൾ സിറിയൻ മേഖലയിൽ വൻ യുദ്ധത്തിനു കാരണമാകുമെന്ന് ആശങ്ക വിതച്ചിരുന്നു. ഇതിനിടെ ട്രംപിന്‍റെ ആക്രമണ ഭീഷണിയെത്തുടർന്ന് സിറിയയിൽനിന്ന് റഷ്യ അവരുടെ 11 കപ്പലുകൾ പിൻവലിച്ചു. കപ്പലുകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിതെന്നു പറയുന്നുണ്ട്. സിറിയയിൽ എവിടെയെല്ലാമായിരിക്കും ആക്രമണം നടത്തുകയെന്നു അമേരിക്ക റഷ്യയ്ക്കു മുൻകൂട്ടി വിവരം നൽകുമെന്നു പ്രചാരണമുണ്ട്. സിറിയയിലുള്ള റഷ്യൻ സൈനികർക്ക് അപായം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.
അതേസമയം സിറിയയ്ക്ക് എതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബ്രിട്ടീഷ് കാബിനറ്റിന്‍റെ സമ്മേളനം പ്രധാനമന്ത്രി തെരേസാ മേ വിളിച്ചുകൂട്ടി. സിറിയ രാസായുധാക്രമണം നടത്തിയെന്നാണു സൂചനയെന്ന് അവർ പറഞ്ഞു. അമേരിക്കയും ഫ്രാൻസുമായി ചേർന്ന് സിറിയയ്ക്ക് എതിരെ ആക്രമണത്തിനു ബ്രിട്ടൻ തയാറെടുപ്പു തുടങ്ങി. ബ്രിട്ടന്‍റെ മുങ്ങിക്കപ്പൽ ഇതിനായി സിറിയൻ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ഈേസ്റ്റൺ ഗൂട്ടായിലെ ദൂമാ പട്ടണത്തിൽ ശനിയാഴ്ച സിറിയ രാസായുധാക്രമണം നടത്തിയതിനു തെളിവു കിട്ടിയെന്നു ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. സിറിയയ്ക്ക് എതിരെ ആക്രമണം നടത്തുന്നതു സംബന്ധിച്ച് യഥാസമയം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ ഡമാസ്കസിൽ നിന്നു പത്തുകിലോമീറ്റർ അകലെയുള്ള ദൂമാ പട്ടണത്തിൽ നിന്നും സിറിയൻ വിമതരെ തുരത്തിയതോടെ ഈേസ്റ്റൺ ഗൂട്ടായുടെ പൂർണ നിയന്ത്രണം സിറിയൻ സൈന്യം പിടിച്ചെടുത്തു. ദൂമായിലെ സർക്കാർ മന്ദിരത്തിൽ സിറിയൻ പതാക ഉയർത്തിയതായി റഷ്യൻ മേജർ ജനറൽ യൂറി യെവ്തുഷ്ങ്കോ അറിയിച്ചു. റഷ്യൻ മിലിറ്ററി പോലീസും ദൂമായിലെത്തി.

