ഹോർമൂസിലെ ഇറാൻ നടപടിക്കെതിരെ ജിസിസി; സംയുക്ത സുരക്ഷാ പദ്ധതികൾ വേഗത്തിലാക്കും


പ്രദീപ് പുറവങ്കര I ഗൾഫ്

ദുബായ്: ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രംഗത്തെത്തി. ഹോർമൂസ് അടച്ച നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച നേതാക്കൾ, മേഖലയിൽ യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപ്രധാനമായ പദ്ധതികൾ വേഗത്തിലാക്കാനും ഉച്ചകോടിയിൽ തീരുമാനമായി.

ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി, സംയുക്ത വൈദ്യുതി ശൃംഖല, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ എന്നിവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഇതിന് പുറമെ മേഖലയിലാകെ ലഭ്യമാകുന്ന ശുദ്ധജല വിതരണ ശൃംഖലയും ബാലിസ്റ്റിക് മിസൈൽ ഭീഷണികൾ നേരിടാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ആധുനിക സംവിധാനവും നടപ്പിലാക്കും. ഈ പദ്ധതികളുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരത്തെക്കുറിച്ച് വിശദമായ പഠനം നടത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

മേഖലയുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ ജിസിസി സഖ്യത്തിന് ആകെ നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി നേരിടും. പ്രാദേശികമായ അസ്ഥിരതകൾക്കിടയിൽ ഒത്തൊരുമയോടെയുള്ള നീക്കങ്ങൾ അനിവാര്യമാണെന്നും ഉച്ചകോടി വിലയിരുത്തി.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed