റഷ്യൻ ആയു­ധങ്ങൾ വാ­ങ്ങാൻ‍ പാ­കി­സ്ഥാൻ തയ്യാ­റെ­ടു­ക്കു­ന്നു­


ഇസ്ലാമാബാദ് : റഷ്യൻ നിർമ്മിത ആയുധങ്ങൻ വാങ്ങാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ഏറെക്കാലമായി സൈനിക നീക്കത്തിനുപയോഗിക്കുന്നതും വാങ്ങാൻ കരാറൊപ്പിട്ടിരിക്കുന്നതുമായ ആയുധങ്ങളാണ് പാകിസ്ഥാൻ വാങ്ങുന്നത്. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ടി− 90 ബാറ്റിൽ ടാങ്കുകളും 2016ൽ കരാറൊപ്പിട്ട എസ്− 400 മിസൈൽ വേധ സംവിധാനവും വാങ്ങാൻ തങ്ങൾക്കും താൽപ്പര്യമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിർ ഖാൻ വെളിപ്പെടുത്തി. റഷ്യൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി തങ്ങളുടെലക്ഷ്യം വെളിപ്പെടുത്തിയത്.

ടി− 90 ടാങ്കുകൾ വാങ്ങാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും റഷ്യയുമായി ദീർഘകാലത്തേക്ക് ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഖുറാം ദസ്ഗിർ ഖാൻ പറയുന്നു. റഷ്യൻ നിർമ്മിത ടി− 90 യുദ്ധ ടാങ്കുകൾ ഇന്ത്യൻ സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്. മറ്റ് രാജ്യങ്ങളുടെ യുദ്ധ ടാങ്കുകളേക്കാൾ ഭാരക്കുറവുള്ളതും വേഗത്തിലും അനായാസവുമായി പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ്. ഇത് പാകിസ്ഥാന്റെ കൈയിലെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്നു.

അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈൽ വേധ സംവിധാനമാണ് എസ് −400. ഈ സംവിധാനം ഇന്ത്യൻ സൈന്യത്തിനായി വാങ്ങാൻ 2016 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട്് വ്ളാഡിമർ പുടിനും തമ്മിൽ കരാറൊപ്പിട്ടിരുന്നു. ഇതിലും പാകിസ്ഥാന് താൽപ്പര്യമുണ്ടെന്നാണ് ഖുറാം ദസ്ഗിർ ഖാൻ പറയുന്നത്. 400 കിലോമീറ്റർ അകലെവെച്ച്തന്നെ ശത്രുമിസൈലിനെ തകർത്തുകളയാൻ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ്− 400.

ഇത് വാങ്ങാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ചർച്ചകൾ വിജയകരമായാൽ പ്രഖ്യാപനമുണ്ടാകുമെന്നും ഖുറാം ദസ്ഗിർ ഖാൻ പറയുന്നു. പഴയ ശീതയുദ്ധകാലത്തെ വിരുദ്ധ ചേരികളായിരുന്ന പാകിസ്ഥാനും റഷ്യയും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ചൈനയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഷാങ്ഹായി സഹകരണ സംഘത്തിൽ പാകിസ്ഥാനെ റഷ്യ ഇടപെട്ട് അംഗമാക്കിയിരുന്നു. ഇന്ത്യയും ഈ സഖ്യത്തിൽ അംഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed