ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്‌ഫോടനം: പർവ്വതാരോഹക കൊല്ലപ്പെട്ടു, രണ്ട് സിംഗപ്പൂർ സ്വദേശികളെ കാണാതായി


ശാരിക l വിദേശം

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലുള്ള മൗണ്ട് ഡുകോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 'എൻജെൽ' എന്ന പ്രാദേശിക പർവ്വതാരോഹകയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട സംഘത്തിലുണ്ടായിരുന്ന രണ്ട് സിംഗപ്പൂർ സ്വദേശികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് പർവ്വതം കീഴടക്കാൻ ശ്രമിച്ച 20 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ 10 കിലോമീറ്റർ ഉയരത്തിൽ വരെ പുകയും ചാരവും ഉയർന്നിരുന്നു. ഇതോടെ പർവ്വതാരോഹകർ മുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഗർത്തത്തിന് 50 മീറ്റർ മാത്രം അകലെ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന 17 പേരെ ഇതിനോടകം സുരക്ഷിതമായി താഴെയെത്തിച്ചിട്ടുണ്ട്. ഇതിൽ ഏഴ് സിംഗപ്പൂർ സ്വദേശികളും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയവരിൽ പത്തുപേർക്ക് നിസാരമായ പൊള്ളലേറ്റിട്ടുണ്ട്.

നിലവിൽ നൂറിലധികം രക്ഷാപ്രവർത്തകർ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ തുടർച്ചയായ സ്ഫോടനങ്ങളും ലാവ പ്രവാഹവും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അതീവ അപകടസാധ്യതയുള്ളതിനാൽ ഗർത്തത്തിന് ചുറ്റുമുള്ള 700 ചതുരശ്ര മീറ്റർ പരിധിയിലാണ് തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

2008 മുതൽ നിരീക്ഷണത്തിലുള്ള മൗണ്ട് ഡുകോണോയെ ചുറ്റിയുള്ള നാല് കിലോമീറ്റർ പ്രദേശം നേരത്തെ തന്നെ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇവിടേക്കുള്ള ട്രെക്കിംഗ് റൂട്ടുകളും അടച്ചതാണ്. ഈ വിലക്കുകൾ ലംഘിച്ച് പ്രവേശിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സജീവമായ 120-ലധികം അഗ്നിപർവ്വതങ്ങളുള്ള ഇന്തോനേഷ്യ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

article-image

dsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed