മൊസൂളിൽ ഇന്ത്യൻ തൊഴിലാളികൾ എത്തിയത് അനധികൃതമായി : വി.കെ സിംഗ്
ന്യൂഡൽഹി : മൊസൂളിൽ കൊല്ലപ്പെട്ട ഇന്ത്യൻ തൊഴിലാളികൾ അവിടേക്ക് അനധികൃതമായി പോയവരാണെന്നും ഇറാഖിലെ ഇന്ത്യൻ എംബസിയുടെ പക്കൽ ഇവരെ കുറിച്ചുള്ള രേഖകൾ ഇല്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. ഇറാഖിൽ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ ഭൗതിക അവശിഷ്ടങ്ങൾ അമൃതസറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങിയതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം ഉന്നയിക്കേണ്ട സമയമല്ല ഇതെന്ന് അറിയാം. എന്നാൽ തൊഴിലാളികൾ അവിടെയെത്തിയത് (ഇറാഖിൽ) അനധികൃത ഏജന്റ് മുഖാന്തരമാണ്. കേരളത്തിൽ നിന്നുള്ള 46 നേഴ്സുമാരെ ഐ.എസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താനായത് സർക്കാരിന്റെ പക്കൽ അവരെ കുറിച്ച് രേഖകൾ ഉണ്ടായിരുന്നതിനാലാണ്−, സിംഗ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും വിദേശത്തു പോകുന്നത് നിയമപരമായി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 മുതലാണ് ഇറാഖിൽ ജോലി ചെയ്തിരുന്ന 39 ഇന്ത്യക്കാരെ കാണാതായത്. ഇവർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചത്. ഇവർ കൊല്ലപ്പെട്ടത് കുറഞ്ഞത് ഒരുവർഷമെങ്കിലും മുന്പായിരിക്കണമെന്ന് മൃതദേഹങ്ങളുടെ അവശിഷ്ട പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട 39 തൊഴിലാളികളിൽ 38 പേരുടെ ഭൗതികാവശിഷ്ടമാണ് തിരികെ കൊണ്ടുവന്നത്. ഡി.എൻ.എ പൂർണായും മാച്ച് ആകാത്ത സാഹചര്യത്തിൽ ഒരാളുടെ മൃതദേഹം തിരികെ കൊണ്ടുവന്നിട്ടില്ല.

