ഫ്രാൻസിൽ 143 വർഷം പഴക്കമുള്ള പൈതൃക ടൗൺഹാൾ കത്തിനശിച്ചു; യൂറോപ്പിൽ ജനജീവിതം സ്തംഭിപ്പിച്ച് വൻ പ്രക്ഷോഭം
ശാരിക
പാരിസ്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ വേതനം, മോശമാകുന്ന പൊതുസേവനങ്ങള് എന്നിവയ്ക്കെതിരെ ഫ്രാൻസ്, ബെല്ജിയം, ഇറ്റലി, പോർച്ചുഗല് എന്നിവിടങ്ങളില് ലക്ഷക്കണക്കിന് ആളുകള് തെരുവിലിറങ്ങി പ്രതിഷേധിച്ചു. പല നഗരങ്ങളിലും പ്രതിഷേധങ്ങള് അക്രമാസക്തമായി മാറി.
ഫ്രാൻസില് നടന്ന ശക്തമായ പ്രതിഷേധത്തിനിടയിൽ കലാപകാരികൾ തീയിട്ടതിനെത്തുടർന്ന് 143 വർഷം പഴക്കമുള്ള ഫ്രഞ്ച് പൈതൃക കേന്ദ്രം തകർന്നടിഞ്ഞു. ലിമോഗെസിലെ ടൗണ്ഹാളിന്റെ പുറംഭാഗത്ത് പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് അതിന്റെ മൂന്നില് രണ്ട് ഭാഗവും നശിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒന്നാം ലോകമഹായുദ്ധത്തെയും രണ്ടാം ലോകമഹായുദ്ധത്തെയും അതിജീവിച്ച ചരിത്രപ്രധാനമായ സ്മാരകമാണ് ഇത്തരത്തിൽ ഭാഗികമായി തകർന്നടിഞ്ഞത്.
ഫ്രാൻസില് മാത്രം സ്കൂളുകളിലെ സാഹചര്യങ്ങള്, ഇന്ധന വിലക്കയറ്റം, ജീവിതച്ചെലവ് എന്നിവയ്ക്കെതിരെയുള്ള പ്രകടനങ്ങളില് ഏകദേശം 5,50,000 ആളുകൾ പങ്കെടുത്തു. പാരീസ്, മാഴ്സെ, നൈസ്, നാന്റ്സ്, ബോർഡോ, ലിമോഗെസ് തുടങ്ങി വിവിധ നഗരങ്ങളില് ഡസൻ കണക്കിന് കടകള് കൊള്ളയടിക്കപ്പെട്ടതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആള്ക്കൂട്ടത്തെ പിരിച്ചുവിടാൻ ലഹള വിരുദ്ധ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. പ്രക്ഷോഭങ്ങളെ നേരിടുന്നതിനിടെ കുറഞ്ഞത് 195 പേരെ കസ്റ്റഡിയിലെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് അക്രമങ്ങളെ ശക്തമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഫ്രാൻസിലെ അശാന്തി മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബ്രസ്സല്സില് പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലിസ്ബണില് ഉയർന്ന ജീവിതച്ചെലവിനും കുറഞ്ഞ വേതനത്തിനുമെതിരെ പതിനായിരക്കണക്കിന് ആളുകള് മാർച്ച് നടത്തി. ഇറ്റലിയിലെ മിലാൻ, ബൊളോണ എന്നിവിടങ്ങളിലും പ്രക്ഷോഭകർ പോലീസുകാരുമായി ഏറ്റുമുട്ടി.
ോേ്ോ

