അമേരിക്കൻ സെനറ്റ് കമ്മിറ്റി സുക്കർബർഗിനു സമൻസ് അയച്ചു
വാഷിംഗ്ടൺ : ഫെയ്സ്ബുക്ക് വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഫേസ്ബുക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് അമേരിക്കൻ സെനറ്റിലെ ജുഡീഷറി കമ്മിറ്റിക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകണം. ഗൂഗിളിന്‍റെ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ, ട്വിറ്ററിന്‍റെ സി.ഇ.ഒ ജാക് ഡോർസി എന്നിവർക്കും കമ്മിറ്റി സമൻസ് അയച്ചിട്ടുണ്ട്. മൂവരും ഏപ്രിൽ പത്തിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്കിലെ അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണു നടപടി. അതേസമയം, ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ ഡിജിറ്റൽ, മീഡിയ കമ്മിറ്റിയിൽ ഹാജരാവാനുള്ള ക്ഷണം സുക്കർബർഗ് നിരസിച്ചു. തനിക്കു പകരം ചീഫ് ടെക്നോളജി ഓഫീസറെയോ ചീഫ് പ്രൊഡക്ട് ഓഫീസറെയോ അയയ്ക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

