സിറിയയിൽ നിന്നു പലായനം ചെയ്ത കുരുന്നുകളെ ലോക നേതാക്കൾ പറ്റിച്ചെന്ന് റിപ്പോർട്ട്
ലണ്ടൻ : ആഭ്യന്തര യുദ്ധത്തിൽ പൊറുതിമുട്ടി സിറിയയിൽ നിന്നു പലായനം ചെയ്ത കുരുന്നുകളെ ലോകനേതാക്കൾ പറ്റിച്ചെന്ന് റിപ്പോർട്ട്. കുട്ടികളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന കിഡ്സ്റൈറ്റ്സ് എന്ന സംഘടയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സിറിയൻ അഭയാർത്ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ കുട്ടികൾക്കും 2017 അവസാനത്തികം വിദ്യാഭ്യാസം ഉറപ്പാക്കുമെന്നു വിവിധ രാജ്യങ്ങൾ ഉറപ്പു നൽകിയതാണ്. എന്നാൽ അഭയാർത്ഥി കുരുന്നുകളിൽ 40 ശതമാനത്തിലേറെ പേർക്കും ഇപ്പോഴും വിദ്യാഭ്യാസം ലഭിക്കുന്നില്ല.
ഇവർക്കാവശ്യമായ പണം ഒരിടത്തു നിന്നും ലഭ്യമാക്കുന്നില്ല. മാത്രവുമല്ല, സ്കൂളിലേക്ക് അയയ്ക്കപ്പെടുന്ന കുട്ടികളെല്ലാം അവിടെ മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയരാകുകയും ചെയ്യുന്നുണ്ട്. ഇതേത്തുടർന്നു പഠനം അവസാനിപ്പിച്ചു തിരികെ പോരേണ്ടിവരുന്ന സംഭവങ്ങളും ഏറുന്നു.
സിറിയൻ പ്രശ്നവുമായി ബന്ധപ്പെട്ട് 2016ൽ ചേർന്ന ലോകനേതാക്കളുടെ യോഗത്തിലാണ് എല്ലാ അഭയാർത്ഥി കുട്ടികൾക്കും 2017 അവസാനിക്കും മുന്പേ വിദ്യാഭ്യാസം ഉറപ്പാക്കാൻ തീരുമാനമായത്. എന്നാൽ ലെബനൻ, ജോർദാൻ, ഈജിപ്ത്, തുർക്കി, ഇറാഖ് എന്നിവിടങ്ങളിലുള്ള 43 ശതമാനം സിറിയൻ കുട്ടികൾക്കും ഇപ്പോഴും വിദ്യാഭ്യാസം കിട്ടാക്കനിയാണ്. ഔദ്യോഗികമായി റജിസ്റ്റർ ചെയ്ത ആകെയുള്ള 18 ലക്ഷം അഭയാർത്ഥി കുട്ടികളിൽ 7,77,000 പേർക്കും ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല.
കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു തലമുറയായിരിക്കും ഇതുവഴി സൃഷ്ടിക്കപ്പെടുകയെന്നും കിഡ്സ്റൈറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറിയയെ പുനർനിർമിക്കാനുള്ള ശ്രമങ്ങളിലും കനത്ത തിരിച്ചടിയായിരിക്കും ഇത്. എട്ടു വർഷമായി സിറിയയിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്. പതിനായിരക്കണക്കിനു പേർ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ ഭീകരത ഏറ്റവുമധികം അനുഭവിക്കുന്നത് കുട്ടികളാണ്.
എന്നാൽ എന്നെങ്കിലും സിറിയയെ പുനർനിർമിക്കുകയാണെങ്കിൽ രാജ്യത്തെ നയിക്കാൻ വിദ്യാഭ്യാസമുള്ള ഒരു തലമുറ ഉണ്ടാവില്ലെന്നും കിഡ്സ്റൈറ്റ്സ് മുന്നറിയിപ്പു നൽകുന്നു. 1.1 കോടി പേരെങ്കിലും യുദ്ധം കാരണം 2011 മുതൽ സിറിയയിൽ നിന്നു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. 1.8 ലക്ഷം പേരെങ്കിലും ബാലവേലയ്ക്കു നിർബന്ധിക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള കുട്ടികളുടെ വിഭാഗം യുനിസെഫും വ്യക്തമാക്കുന്നു. രാജ്യാന്തര തലത്തിൽ സിറിയൻ അഭയാർത്ഥി കുട്ടികൾക്കായി കൂടുതൽ സഹായധനം ശേഖരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
3900 കോടി രൂപയോളം ഇതിനു വേണ്ടി സമാഹരിക്കേണ്ടി വരും. പുനരധിവാസത്തെക്കുറിച്ച് ആലോചിക്കുന്പോൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരിക്കണം പ്രാമുഖ്യം. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം നടത്തിയതിനു സമാനമായി ഏപ്രിലിൽ വിവിധ രാജ്യങ്ങളുടെ സമ്മേളനം ബ്രസ്സൽസിൽ ചേരാൻ നടപടികളുണ്ടാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

