രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും സഹായം വേണമെന്ന് ശ്രീലങ്ക
കൊളംബോ : രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയും ജപ്പാനും മനസുവയ്ക്കണമെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ചൈന അമിതസ്വാധീനം ചെലുത്തുന്നുവെന്ന വിമർശനങ്ങൾക്കു പിന്നാലെയാണു ശ്രീലങ്ക നിലപാടു മാറ്റുന്നത്. ബിസിനസ്സ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിക്രമസിംഗെ ലോക രാഷ്ട്രങ്ങളെ അന്പരപ്പിക്കുന്ന നിലപാട് സ്വീകരിച്ചത്.
മുൻ സർക്കാർ ചെയ്തത് പോലെ ചൈനയിൽ നിന്നും വായ്പയെടുത്ത് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലന്ന് കണ്ടാണ് വിക്രമസിംഗെ നിലപാട് മാറ്റത്തിന് തയ്യാറായിരിക്കുന്നത്.
തെക്കൻ തീരത്തുള്ള ഹംബന്‍തോട്ട തുറമുഖം ചൈന മർച്ചന്റ്‌സ് പോർട്ട് ഹോൾഡിംഗ് കന്പനിക്ക് 99 വർഷത്തേക്കു പാട്ടത്തിനു നൽകിയതു കഴിഞ്ഞ കൊല്ലമാണ്. 1.1 ബില്യൻ ഡോളർ വരുമാനം സർക്കാരിനു കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോൾ തുറമുഖം ബാധ്യതയായിരിക്കുകയാണെന്നും വിക്രമസിംഗെ പറഞ്ഞു.
വിദേശനിക്ഷേപകരുടെ വിപുലമായ നിരയെയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് ആദ്യം നിക്ഷേപം വരണം. മറ്റുള്ളവർ ഇവരെ പിന്തുടരും. യൂറോപ്പിൽനിന്നു വരെ നിക്ഷേപം വരുമെന്നാണു കണക്കാക്കുന്നതെന്നും വിക്രമസിംഗെ വ്യക്തമാക്കി. 2015ൽ അധികാരത്തിൽ വന്നതു മുതൽ ശ്രീലങ്കയുടെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ വിക്രമസിംഗെയ്ക്കു കടുത്ത സമ്മർദമുണ്ടായിരുന്നു.
ഹംബന്‍തോട്ട തുറമുഖം ഉൾപ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്കു പണയം വച്ചിരിക്കുകയാണ്. 2017 അവസാനത്തിൽ ചൈനയുമായി 5 ബില്യൻ ഡോളറിന്റെ കടമാണു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്.
അനുഭവത്തിൽ പാഠം പഠിച്ച ശ്രീലങ്കയെ കൂടെ നിർത്താൻ ഇന്ത്യ ഇനി ആവശ്യമായ സഹായം ചെയ്യുമെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദരുടെ പ്രതീക്ഷ. ചൈനയിൽ വിശ്വാസമർപ്പിച്ച മാലിദ്വീപ് ഭരണകൂടത്തിനും പുനർ വിചിന്തനത്തിന് ഇടയാക്കുന്നതാണ് ശ്രീലങ്കയുടെ പുതിയ നിലപാട്.
മേഖലയിൽ പ്രധാന ശക്തിയായ ഇന്ത്യ കൈവിട്ടാൽ രാജ്യം തന്നെ ചൈനയുടെ അധീനതയിലാകുമെന്ന തിരിച്ചറിവ് നാളെ മാലിദ്വീപ് ഭരണകൂടത്തിനും ഉണ്ടാകുമെന്ന് നയതന്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ മേധാവിത്വം പുലർത്താമെന്ന ചൈനീസ് സ്വപ്നത്തിന് തിരിച്ചടി കൂടിയാണ് ശ്രീലങ്കയുടെ പുതിയ നിലപാട്.

