ഇസ്രായേൽ തെരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യം മുന്നിൽ; അറബ് പാർട്ടികൾ നിർണായകം
ശാരിക
തെൽ അവിവ്: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 72 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യം മുന്നിൽ തുടരുന്നു. 120 അംഗങ്ങളുള്ള ക്നെസ്സറ്റിൽ നെതന്യാഹു സഖ്യം 54 സീറ്റിലും, മുൻ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസൻകോട്ടിന്റെ 'യഷാർ' പാർട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റിലുമാണ് മുന്നിലുള്ളത്. നിർണായക സാന്നിധ്യമാകുന്ന അറബ് പാർട്ടികൾ 18 സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, നിലവിൽ ഒരു സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്.
ഇസ്രായേൽ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും, ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു തോൽവി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് ആവശ്യപ്പെട്ടു. പരാജയപ്പെട്ട ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും, തങ്ങളുടെ നേതൃത്വത്തിൽ ഒരു സയണിസ്റ്റ് സർക്കാർ രൂപീകരിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, രാജ്യത്ത് ഒരു വലതുപക്ഷ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ലിക്കുഡ് പാർട്ടി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് അവകാശപ്പെട്ട അദ്ദേഹം, അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാർ രൂപീകരണം രാജ്യത്തിന് അപമാനമാണെന്നും ഒരിക്കലും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ നിർണായക സാന്നിധ്യമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഈ പ്രതികരണം. ഫലസ്തീൻ വംശജരായ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റ്, റാം എന്നീ പാർട്ടികൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നില ലഭിക്കുമെന്നാണ് വിലയിരുത്തൽ. 1999ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 77.07 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെങ്കിലും നവംബർ നാലിനായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക.
dsfdsf

