ടാഗ് മാറി : ആളുമാറി ശസ്ത്രക്രിയ നടത്തി
നെയ്റോബി : കെനിയയിലെ കെനിയാറ്റ നാഷനൽ ആശുപത്രിയിൽ രോഗിയെ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരം ഇപ്പോഴാണു പുറത്തുവന്നത്. ശസ്ത്രക്രിയയ്ക്കു മുന്പ് രോഗികളുടെ കൈയിലെ ടാഗ് മാറിപ്പോയതാണു ഇതിനു കാരണമായതെന്നാണു നിഗമനം.
രോഗികളിൽ ഒരാൾക്ക് തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാൾക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയിൽ രക്തം കട്ടപിടിച്ചതു കണ്ടെത്താൻ സാധിക്കാത്തതോടെയാണ് രോഗി മാറിയ വിവരം ഡോക്ടർ അറിഞ്ഞത്.
ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. ആശുപത്രി മാനേജ്മെന്റ് രാജി വയ്ക്കണമെന്നുള്ള ആവശ്യം ശക്തമാണ്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സി.ഇ.ഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സർജൻ, വാർഡ് നഴ്സ്, തിയറ്റർ നഴ്സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ക്ലിനിക്കൽ സർവീസിന്റെ സി.ഇ.ഒയേയും ഡയറക്ടറെയും കെനിയൻ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
രോഗിയെ ചികിൽസിച്ച ഡോക്ടറല്ല, ഓപ്പറേഷൻ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്സാണു ആളുമാറിപ്പോയതിന് ഉത്തരവാദിയെന്ന് സഹഡോക്ടർമാർ ആരോപിക്കുന്നു. അതേസമയം, ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ സ്ഥിതി നിലവിൽ തൃപ്തികരമാണെന്നാണു വിവരം.

