തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാന് നേരെ വ്യോമാക്രമണത്തിന് നെതന്യാഹുവിന്റെ രഹസ്യനീക്കം; തടഞ്ഞ് ഇസ്രായേൽ സൈനിക മേധാവി
ഷീബ വിജയൻ
ജറുസലേം: 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാന് നേരെ പുതിയ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രഹസ്യനീക്കം നടത്തിയതായി റിപ്പോർട്ട്. എന്നാൽ ഈ നീക്കം ഗുരുതരമായ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ ഇതിനെ ശക്തമായി ചെറുത്തു. ആക്രമണത്തിനായി നെതന്യാഹു സൈന്യത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും, വിവാദ നിർദ്ദേശങ്ങൾ രേഖാമൂലം എഴുതി നൽകാൻ സൈനിക മേധാവി ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാധ്യമ റിപ്പോർട്ടുകൾ നെതന്യാഹുവും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചിട്ടുണ്ട്.
ഇറാന്റെ പ്രത്യാക്രമണം വഴി രാജ്യം പൂർണ യുദ്ധത്തിലേക്ക് നീങ്ങിയാൽ തെരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവെക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്യുമായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിച്ചാൽ പോലും യുദ്ധസാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വരികയും, നെതന്യാഹു ഉൾപ്പെടുന്ന 'ദേശീയ ഐക്യ സർക്കാർ' നിലനിർത്താൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകുകയും ചെയ്യുമായിരുന്നുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേലും സംയുക്ത ആക്രമണത്തിനായി നെതന്യാഹു സമ്മർദ്ദം ചെലുത്തിയെങ്കിലും, നവംബർ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി അത്തരം നീക്കത്തിനില്ലെന്ന് ട്രംപ് ഭരണകൂടം കർശന നിലപാടെടുത്തു. ഗസ്സയിലെ യുദ്ധത്തെക്കുറിച്ചുള്ള ജനഹിതപരിശോധനയായി കണക്കാക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ, മുൻ കരസേനാ മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മിതവാദ-പ്രതിപക്ഷ മുന്നണിയിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്. സൈന്യത്തെ നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് വ്യക്തമാക്കി. രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാണെന്ന തിരിച്ചറിവിൽ വൈകാരിക കാർഡുകളാണ് നെതന്യാഹു പ്രചാരണത്തിൽ പയറ്റുന്നത്.
eqwerewqewqr

