ടെലികോം അഴിമതി: നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു
ടെൽഅവീവ് : ഇസ്രേയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടെലികോം അഴിമതിക്കേസിൽ പോലീസ് ചോദ്യം ചെയ്തു. ജറുസലേമിലെ വസതിയിൽ രാവിലെ ഒന്പതിനെത്തിയ ഡിറ്റക്ടീവുമാർ അഞ്ച് മണിക്കൂർ കഴിഞ്ഞാണു മടങ്ങിയത്.
ടെൽ അവീവിനു സമീപമുള്ള പോലീസ് േസ്റ്റഷനിൽ നെതന്യാഹുവിന്‍റെ ഭാര്യ സാറായെയും ഇതേ കേസിൽ ചോദ്യം ചെയ്തിട്ടുണ്ട്. വാലാ എന്ന വെബ്സൈറ്റിൽ അനുകൂല വാർത്തകൾ വരുത്തുന്നതിന് അതിന്‍റെ ഉടമയായ ശൗൽ എലോവിച്ചിനെ സ്വാധീനിച്ചെന്നാണു നെതന്യാഹുവിന്‍റെ പേരിലുള്ള ആരോപണം. ശൗലിന് ഇതിന്‍റെ പേരിൽ ആനുകൂല്യങ്ങൾ നൽകാൻ ടെലികമ്യൂണിക്കേഷൻ വകുപ്പിനു നെതന്യാഹു നിർദേശം നൽകിയത്രെ. 2017നുശേഷം നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത് എട്ടാം തവണയാണ്. സന്പന്ന ബിസിനസുകാരിൽ നിന്ന് ആഭരണങ്ങളും മറ്റു സമ്മാനങ്ങളും നെതന്യാഹു കുടുംബം കൈപ്പറ്റിയതുൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം നടന്നുവരികയാണ്.
വിവിധ അഴിമതിക്കേസുകളിൽ കഴിഞ്ഞ വർഷം എട്ടുവട്ടം നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നാണു കഴിഞ്ഞ മാസം പോലീസ് നൽകിയ റിപ്പോർട്ട്. ഇന്നലെ പോലീസ് ചോദ്യം ചെയ്തത് അടക്കം മൂന്ന് അഴിമതിക്കേസുകളിലാണു നെതന്യാഹു അന്വേഷണം നേരിടുന്നത്. കൂട്ടുകക്ഷി സർക്കാരിനെ നയിക്കുന്ന നെതന്യാഹു ഇതു നാലാം തവണയാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രിപദത്തിലിരിക്കുന്നത്.

