തന്നെ അറസ്റ്റ് ചെയ്യാൻ പാക് സർക്കാരിനെ വെല്ലുവിളിച്ച് ഭീകരൻ ഹാഫിസ് സയീദ്
ലാഹോർ : പാകിസ്ഥാൻ സർക്കാരിന് കഴിവുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വെല്ലുവിളി. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിപ്പിക്കില്ല. അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയായി തങ്ങൾ തിരിച്ചു വരുമെന്നും ലാഹോറിൽ നടന്നഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഹാഫിസ് സയീദ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട നവാസ് ഷെരീഫ് കശ്മീർ വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് സയീദ് ആരോപിച്ചു. എന്നാൽ കശ്മീർ വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെങ്കിൽ നവാസ് ഷെരീഫിനെ വീണ്ടും പ്രധാനമന്ത്രിയാക്കാമെന്നും സയീദ് പറഞ്ഞു. വേണ്ടി വന്നാൽ പ്രധാനമന്ത്രിയെ കൊണ്ട് കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കുമെന്ന് വീണ്ടും പ്രതിജ്ഞയെടുപ്പിക്കുമെന്നും ഹഫീസ് സയീദ് ഭീഷണി മുഴക്കി. ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മർദ്ദത്തിന്റെ ഫലമായി പാകിസ്ഥാനിലെ മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും സയീദ് ചൂണ്ടിക്കാട്ടി.
ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന ജമാഅത്തു ദഅ്വ, മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നിരോധിത തീവ്രവാദി സംഘടനയായ ലഷ്കറെ ത്വയിബയുടെ പോഷകഘടകമാണ്. രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് കഴിഞ്ഞ വർഷം ജനുവരി 31 മുതൽ ഹാഫിസ് സയീദിനെയും നാല് അനുചരന്മാരെയും പാക് സർക്കാർ വീട്ടുതടങ്കലിലാക്കിയെങ്കിലും വേണ്ടത്ര തെളിവുകളില്ലെന്ന് കാട്ടി നവംബർ 24ന് ഇവരെ മോചിപ്പിക്കുകയായിരുന്നു.
2008ൽ മുംബയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സയീദിനെ രക്ഷാസമിതിയുടെ നിർദ്ദേശാനുസരണം യു.എൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അമേരിക്കയും ഹാഫിസ് സയീദിനെ ആഗോള ഭീകരപട്ടികയിൽ പെടുത്തുകയും ഇയാളുടെ തലയ്ക്ക് 10 മില്യൻ യു.എസ് ഡോളർ വിലയിടുകയും ചെയ്തു.



