ഖനിയിൽ അകപ്പെട്ട 955 പേരെ രക്ഷപ്പെടുത്തി

വെൽകോം : വൈദ്യുതി ബന്ധം ഇല്ലാതായതിനെ തുടർന്ന് സൗത്ത് ആഫ്രിക്കയിലെ സ്വർണ ഖനിയിൽ അകപ്പെട്ടുപോയ 955 പേരെയും അപകടം കൂടാതെ രക്ഷപ്പെടുത്തി. ഖനി ഉടമസ്ഥനായ സിബന്യെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒന്നര ദിവസമായി തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. മുപ്പത് മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. വെള്ളം കിട്ടാത്തതും, ചിലർക്ക് ബി.പി കൂടിയതുമൊഴിച്ചാൽ ഖനിക്കുളളിൽ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ അറിയിച്ചു.
കനത്ത കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി നിലച്ചതിനെ തുടർന്ന് ലിഫ്റ്റ് കേടാവുകയായിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങാൻ തുടങ്ങിയ തൊഴിലാളികളാണ് ഖനിക്കുള്ളിൽ കുടുങ്ങിപ്പോയത്. കുറേ നേരത്തെ ശ്രമത്തിനിടയിൽ വൈദ്യുതി പുനഃസ്ഥാപിച്ചതിനു ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിച്ചത്.
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനായി നിരവധി ആംബുലൻസുകളും എത്തിച്ചേർന്നിരുന്നു. ആർക്കും വലിയ പ്രശ്‌നമൊന്നും ഇല്ലാത്തതിനെ തുടർന്ന്‍ പ്രാഥമിക ചികിത്സ നൽകി ഇവരെ വിട്ടയക്കുകയായിരുന്നു.
തൊഴിലാളികളുടെ കുടുംബങ്ങൾ തുടക്കത്തിൽ ബഹളം വച്ചെങ്കിലും രക്ഷാപ്രവർത്തനം നടക്കുന്നതുവരെ ആശങ്കയോടെ ഇവർ ഖനിയുടെ സമീപത്ത് കാത്തിരിക്കുകയായിരുന്നു.