മ്യാന്‍മർ സർക്കാർ തടങ്കലിലാക്കിയ മാധ്യമ പ്രവർത്തകരെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക് : മ്യാന്‍മർ സർക്കാർ തടങ്കലിലാക്കിയ രണ്ട് മാധ്യമപ്രവർത്തകരെ ഉടനെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. റോയിട്ടേഴ്സ് മാധ്യമപ്രവർത്തകരായ രണ്ട് പേർക്ക് മ്യാന്‍മർ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് യു.എന്നിന്റെ ഇടപെടൽ.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച്് റോയിറ്റേഴ്സ് ജീവനക്കാരായ വാ ലോൺ, ക്യാവ് സോ ഊ എന്നീ രണ്ട് മാധ്യമ പ്രവർത്തകരെ കഴിഞ്ഞ ഡിസംബർ 12ന് മ്യാന്‍മറിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. മ്യാന്‍മറിലെ റാഖൈനിൽ റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെയുണ്ടായ സൈനിക അതിക്രമങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. രാത്രി ഭക്ഷണത്തിന് ക്ഷണിച്ച പോലീസ് ഉദ്യോഗസ്ഥർ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. റാഖൈനിലെ മൗങ്ഡോ ജില്ലയിൽ നടത്താൻ തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെകുറിച്ചുള്ള രേഖകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതായും പോലീസ് ആരോപിച്ചു.
ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്‍മർ കോടതി കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്‍മറിനെതിരെ ഐക്യരാഷ്ട്ര സഭ രൂക്ഷവിമർശമുന്നയിച്ചത്. എത്രയും വേഗം മാധ്യമപ്രവർത്ത
കരെ വിട്ടയക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വക്താവ് റൂപർട്ട് കോൾവില്ലെ ആവശ്യപ്പെട്ടു.