എഫ്.ബി.ഐയുടെ എതിർപ്പ് തള്ളി : രഹസ്യരേഖ അമേരിക്കൻ കോൺഗ്രസ് പരസ്യമാക്കി

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ‘റഷ്യ’ ബന്ധം അന്വേഷിക്കുന്നതിൽ എഫ്.ബി.ഐ അധികാര ദുർവിനിയോഗം നടത്തിയെന്ന രഹസ്യരേഖ അമേരിക്കൻ കോൺഗ്രസ് പരസ്യമാക്കി. എഫ്.ബി.ഐയുടെ എതിർപ്പു തള്ളിയാണു അമേരിക്കൻ കോൺഗ്രസ് രേഖ പുറത്തുവിട്ടത്.
അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രഹസ്യരേഖകളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പിലെ റഷ്യ ബന്ധം അന്വേഷിക്കവെ എഫ്.ബി.ഐ പക്ഷപാതപരമായ നിലപാടെടുത്തെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവിടാൻ വൈറ്റ്ഹൗസ് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രേഖ പുറത്തുവന്നാൽ രാജിവയ്ക്കുമെന്നു എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പാർലമെന്‍റിന്‍റെ ഇന്‍റലിജൻസ് കമ്മിറ്റിയുടെ കണ്ടെത്തലുകളാണ് നാലു പേജുള്ള രഹസ്യ രേഖകളിലുള്ളത്. ട്രംപിന്‍റെ റഷ്യൻ ബന്ധം സ്ഥാപിക്കാൻ എഫ്.ബി.ഐ നിയമവിരുദ്ധ നിരീക്ഷണങ്ങൾ നടത്തി എന്നാണ് പ്രധാന കണ്ടെത്തൽ. ട്രംപിന്‍റെ ഉപദേശകനായിരുന്ന കാർട്ടർ പേജിനെ നിരീക്ഷിക്കുന്നതിനുള്ള അനുമതി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു നേടിയതെന്നും കമ്മിറ്റി ആരോപിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ നിർദേശാനുസരണം പ്രവർത്തിച്ച വ്യക്തിയുടെ കണ്ടെത്തലുകളാണു കോടതിയിൽ ഹാജരാക്കിയത് എന്ന കാര്യം മറച്ചുവച്ചു. ഇവെയെല്ലാം ഡോണൾഡ് ട്രംപിനെ നേരിട്ടു ബാധിക്കുന്നവയുമാണ്.
അതേസമയം റഷ്യ ബന്ധത്തെക്കുറിച്ചുള്ള മ്യൂളർ കമ്മീഷൻ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണു രഹസ്യ രേഖകൾ പുറത്തുവിടുന്നതിനു പിന്നിലുള്ളതെന്നു ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. രേഖകൾ റിപ്പബ്ലിക്കൻ, െഡമോക്രാറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമാക്കും എന്നും സൂചന നല്കുന്നു.