ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മഹ്മൂദ് അബ്ബാസ്
ജറുസലേം : ഡോണൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പാലസ്തീനിയൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിയുള്ള ട്രംപിന്‍റെ പ്രഖ്യാപനം ഈ നൂറ്റാണ്ടിനേറ്റ പ്രഹരമാണെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ റാമള്ളയിൽ നടക്കുന്ന പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ കേന്ദ്ര കൗൺസിൽ യോഗത്തിലാണ് മഹ്‌മൂദ് അബ്ബാസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ജറുസലേം വിഷയം മാത്രമാണ് യോഗം ചർച്ച ചെയ്യുന്നതെന്നും ഇസ്രയേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യപിച്ച അമേരിക്കൻ പ്രസിഡണ്ടിന്‍റെ തീരുമാനത്തെ പാലസ്തീനിയൻ അതോറിറ്റി ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ പാലസ്തീനും ഇസ്രയേലിനും ഇടയിൽ മധ്യസ്ഥരാകാനുള്ള അർഹത അമേരിക്കക്ക് നഷ്ടമായി. ഈ മാസം പാലസ്തീൻ സന്ദർശിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസുമായി കൂടിക്കാഴ്ച നടത്തില്ലെന്നും നേതാക്കൾ അറിയിച്ചു.
പാലസ്തീൻ കേന്ദ്ര കൗൺസിൽ പാലസ്തീനിന്‍റെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഉന്നതാധികാരസമിതിയാണ്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ 95
ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

