വിദേശത്ത് സമ്പത്ത് ഒളിപ്പിച്ച ചൈനീസ് കോടീശ്വരന്മാർക്ക് കനത്ത തിരിച്ചടി; വിദേശ ട്രസ്റ്റ് ലാഭത്തിന് 20 ശതമാനം നികുതി ഏർപ്പെടുത്തി ചൈന


ശാരിക

ബീജിങ്: വർഷങ്ങളായി നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് ഒളിപ്പിച്ച ചൈനീസ് കോടീശ്വരന്മാർക്ക് വൻ തിരിച്ചടിയായി പുതിയ നിയമം നിലവിൽ വന്നു. വിദേശ ട്രസ്റ്റുകളിൽ നിന്നുള്ള ലാഭത്തിന് 20 ശതമാനം നികുതി ഈടാക്കാൻ ചൈന തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബർ 22നകം നികുതി അടച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരായ 500 പേരിൽ 8 ചൈനീസ് ശതകോടീശ്വരന്മാരെയാണ് ഈ പുതിയ നിയമം നേരിട്ട് ബാധിക്കുന്നത്. ഇവർ വിദേശത്ത് മാത്രം 140.2 ബില്യൺ ഡോളറിന്റെ (ഏകദേശം 12 ലക്ഷം കോടി രൂപ) ആസ്തിയാണ് ഒളിപ്പിച്ചിരിക്കുന്നത്.

നാട്ടിൽ ബിസിനസ് നടത്തി അമേരിക്കയിലോ ഹോങ്കോങ്ങിലോ കമ്പനി ലിസ്റ്റ് ചെയ്ത് ലാഭം വിദേശത്തേക്ക് മാറ്റുന്നതായിരുന്നു ഇവരുടെ പതിവ് രീതി. ഇത്തരം നിക്ഷേപങ്ങളിലൂടെയാണ് വിദേശ സമ്പത്തിന്റെ വലിയൊരു ഭാഗവും രൂപപ്പെട്ടത്. പി.ഡി.ഡി, പോപ്പ് മാർട്ട് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഐപിഒക്ക് ശേഷം കുതിച്ചുയർന്നതോടെ സ്ഥാപകർക്ക് വൻതോതിൽ സമ്പത്ത് ലഭിച്ചിരുന്നു. എന്നാൽ ഷി ജിൻപിങ്ങിന്റെ 'പൊതു സമൃദ്ധി' പദ്ധതിയുടെ ഭാഗമായി സർക്കാർ നികുതി വേട്ട ശക്തമാക്കുകയാണുണ്ടായത്.

വിദേശ ട്രസ്റ്റുകളിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന പഴയ സമ്പത്തിനെയാണ് ഈ പുതിയ നികുതി നടപടി കൂടുതൽ ബാധിക്കുകയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റുകളുടെ ഘടന പുനഃസംഘടിപ്പിക്കാനും വിദേശ ആസ്തികൾ സംബന്ധിച്ച നികുതി ബാധ്യത കണക്കാക്കാനും സമ്പന്ന കുടുംബങ്ങൾ ഇപ്പോൾ അഭിഭാഷകരുടെയും നികുതി വിദഗ്ധരുടെയും സഹായം തേടുന്നുണ്ട്. വിദേശ പാസ്പോർട്ട് എടുത്തവരും ഈ നികുതി അടക്കണമെന്നാണ് കർശന നിയമം. ഇതോടെ പല കോടീശ്വരന്മാരും നികുതി അടക്കുന്നതിനായി ഓഹരികൾ വിറ്റ് തുടങ്ങിയിട്ടുണ്ട്. ഹെയ്ഡിലാവിന്റെയും കാൻസുൻ ലിമിറ്റഡിന്റെയും സ്ഥാപകർ നികുതി അടക്കുന്നതിനായി നൂറുകണക്കിന് മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി മൂലം പ്രാദേശിക സർക്കാരുകളുടെ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ചൈന പുതിയ വരുമാന മാർഗങ്ങൾ തേടുന്നത്. പുതിയ നികുതി നിയമം വഴി സർക്കാരിന് എത്ര അധിക വരുമാനം ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ആരൊക്കെ എത്ര നികുതി നൽകണമെന്നതിന്റെ വിവരങ്ങൾ പൊതുവായി ലഭ്യവുമല്ല. അതേസമയം, വിദേശ പൗരത്വം നേടിയവർക്കും ചൈനയിൽ നിന്നാണ് പ്രധാനമായും വരുമാനം ലഭിക്കുന്നതെങ്കിൽ ഈ നികുതി നിയമം ബാധകമാകുമെന്നാണ് അധികൃതരുടെ നിലപാട്. പുതിയ നിയമത്തിൽനിന്ന് പൂർണമായി ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഐപിഒ രേഖകളും കമ്പനികളുടെ ഏറ്റെടുക്കൽ വിവരങ്ങളും ഉൾപ്പെടെയുള്ള പൊതുരേഖകളുടെ അടിസ്ഥാനത്തിൽ നികുതി ബാധ്യത കണക്കാക്കാൻ അധികൃതർക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

േ്്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed