കൊളംബിയയില്‍ അനധികൃത സ്വർണഖനി തകർന്ന് 14 മരണം
ശാരിക
ബൊഗോട്ട: കൊളംബിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയില്‍ അനധികൃത സ്വർണഖനി തകർന്ന് 14 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായും അപകടത്തിന് പിന്നാലെ 12 മുതല്‍ 15 വരെ ഖനിത്തൊഴിലാളികളെ കാണാതായതായും അധികൃതർ അറിയിച്ചു. നരിഞ്ഞോ പ്രവിശ്യയിലെ സാന്താ ബാർബറ ഡി ഇസ്ക്വാൻഡെ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ മേഖലയായ ചാംബെറോയിലാണ് അപകടമുണ്ടായത്.
തിരച്ചില്‍, രക്ഷാപ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചതായി നരിഞ്ഞോ ഗവർണർ ലൂയിസ് അല്‍ഫോൻസോ എസ്കോബാർ അറിയിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും തുടർനടപടികള്‍ ഏകോപിപ്പിക്കുന്നതിനും പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ട്.
നിബിഡമായ മഴക്കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തേക്ക് ബോട്ടിലോ ചെറുവിമാനത്തിലോ മാത്രമേ എത്തിച്ചേരാനാകൂ. ഇതുമൂലം രക്ഷാപ്രവർത്തനങ്ങളും വിവരശേഖരണവും ദുഷ്കരമായതായി ദുരന്തനിവാരണ ഉദ്യോഗസ്ഥൻ ജോർജ് ടോവാർ കാസ്റ്റിലോ പറഞ്ഞു. കൊളംബിയയിലെ ഗ്രാമീണ മേഖലകളില്‍ നിയന്ത്രണമില്ലാത്തതും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതുമായ ഖനനപ്രവർത്തനങ്ങള്‍ വ്യാപകമാണ്.
ഇത്തരം ഖനികളില്‍ അപകടങ്ങള്‍ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ നരിഞ്ഞോ പ്രവിശ്യയിലെ പോളികാർപ മുനിസിപ്പാലിറ്റിയിലുണ്ടായ സമാന അപകടത്തില്‍ 13 പേർ മരിച്ചിരുന്നു.
േേ്ിി

