പാ­കി­സ്ഥാ­നെ­ അമേ­രി­ക്കയു­ടെ­ പ്രത്യേ­ക നി­രീ­ക്ഷണ പട്ടി­കയിൽ ഉൾ­പ്പെ­ടു­ത്തി­


വാഷിംഗ്ടൺ : പാകിസ്ഥാനെതിരെ കൂടുതൽ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പാകിസ്ഥാനെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താനാണ് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചത്. എന്നാൽ സംഭവത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നീരിക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനർനിശ്ചയിച്ചതായും േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ അറിയിച്ചു. മ്യാൻമർ, ചൈന, എറിത്രിയ, ഇറാൻ, ഉത്തരകൊറിയ, സുഡാൻ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക് മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഡിസംബർ 22നാണ് ഇതുസംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുത്തതിന്റെ പേരിൽ ഒട്ടേറെ രാജ്യങ്ങളിൽ നിരവധി പേരാണ് ആക്രമണത്തിനിരയാകുന്നത്. ഇതുകൂടാതെ ചിലർ തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇഷ്ടപ്പെട്ട മതവും വിശ്വാസവും തിരഞ്ഞെടുക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. ചില വിശ്വാസങ്ങളെയും മതങ്ങളെയും വരെ അംഗീകരിക്കാൻ സർക്കാരുകൾ മടിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ഹെഥർ നൗവർട് പറഞ്ഞു.

സമാധാനവും സ്ഥിരതയും പുരോഗതിയും ഉറപ്പാക്കണമെങ്കിൽ രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഓരോ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ടിയാണ് സി.പി.സി പട്ടിക തയാറാക്കുന്നത്. ഒട്ടേറെ രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള മികച്ച ശ്രമങ്ങളുണ്ട്. അവ പ്രോത്സാഹിപ്പിക്കുന്നു. ആ രാജ്യങ്ങളുമായി സഹകരണം തുടരും. ഇക്കാര്യത്തിൽ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും ഹെഥർ വ്യക്തമാക്കി.

അതേസമയം പാകിസ്ഥാനിൽ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഗുരുതര ലംഘനങ്ങളാണു നടക്കുന്നതെന്ന് ഇക്കഴിഞ്ഞ നവംബറിൽ മനുഷ്യാവകാശ കമ്മിഷന്റെ കത്ത് േസ്റ്ററ്റ് സെക്രട്ടറിക്കു ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പാകിസ്ഥാനെ സി.പി.സി പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒരു സർവേ സർക്കാർ തലത്തിലും മതസംഘടനകളുടെ നേതൃത്വത്തിലും ഏർപ്പെടുത്തുന്ന മതം സംബന്ധിച്ച വിലക്കുകൾ ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ ഒന്നായി പാകിസ്ഥാനെ തിരഞ്ഞെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed