ഇന്ത്യൻ ഭീകരവാദത്തിന്റെ മുഖമാണ് കുൽഭൂഷണെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ അറസ്റ്റു ചെയ്ത ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിന് ഇന്ത്യൻ ഭീകരവാദത്തിന്റെ മുഖമാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.
ഇക്കാര്യം പാകിസ്ഥാന് വ്യക്തമായ കാര്യമാണ്. ഭീകരവാദിയാണെന്ന് കുൽഭൂഷൺ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ചാര സംഘടന റോയുടെ നിർദേശ പ്രകാരം പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കൽഭൂഷൺ ശ്രമിച്ചതെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തിന്റെ പേരിലാണ് അമ്മയെയും ഭാര്യയെയും കാണാന്‍ ജാദവിനെ അനുവദിച്ചതന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലധികമായി പാകിസ്ഥാൻ ജയിലിൽ കഴിയുകയായിരുന്ന തന്നെ സന്ദർശിക്കാൻ ഭാര്യയ്ക്കും അമ്മയ്ക്കും സൗകര്യം ഒരുക്കിത്തന്ന പാക് സർക്കാരിന് കുൽഭൂഷൺ നന്ദിപറയുന്ന വീഡിയോയും മുഹമ്മദ് ഫൈസൽ വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു. കഴിഞ്ഞ ഏപ്രിലിലാണ് ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാധവിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി സിംഗിനൊപ്പമാണ് കുൽഭൂഷൺ ജാധവിന്റെ ഭാര്യ ചേതൻ കുൽ യാദവും അമ്മ അവന്തി ജാധവും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. മുപ്പതു മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ആദ്യമായാണ് ഇവർക്ക് കുൽഭൂഷണെ കാണാൻ അവസരം അനുവദിച്ചത്.
ദുബൈ വഴിയാണ് കുൽഭൂഷണിന്റെ കുടുംബം പാകിസ്ഥാനിലെത്തിയത്. ഇവർ സഞ്ചരിച്ച റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പ്രദേശത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചത് ഉൾപ്പടെ അടക്കം വൻസുരക്ഷയാണ് ഒരുക്കിയിരുന്നത്.

