ടി.ടി.വി ദിനകരനു തകർപ്പൻ വിജയം
ചെന്നൈ : ആർ.കെ നഗർ നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരനു തകർപ്പൻ വിജയം. സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഔദ്യോഗിക അണ്ണാ ഡിഎംകെയിലെ ഇ. മധുസൂദനനെ തറപറ്റിച്ചത്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണിത്. വോട്ടെടുപ്പ് ദിവസം വന്ന 2ജി സ്പെക്ട്രം കേസിന്റെ അനുകൂല വിധി സഹായമാകുമെന്നു പ്രതീക്ഷിച്ച ഡി.എം.കെ സ്ഥാനാർത്ഥി മരുതുഗണേശ് മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കെട്ടിവച്ച പണം നഷ്ടമായി.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നോട്ടയ്ക്കും പിറകിലായി. ജയലളിതയുടെ മരണത്തെത്തുടർന്നാണ് ആർ.കെ നഗറിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 59 സ്ഥാനാർത്ഥികളാണു മത്സരംഗത്തുണ്ടായിരുന്നത്. ദിനകരന് 89,013 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ ഇ. മധുസൂദനൻ 48,306 വോട്ട് നേടി. ഡി.എം.കെ സ്ഥാനാർത്ഥിക്ക് 24581 വോട്ടാണു കിട്ടിയത്. ജയലളിതയുടെ യഥാർത്ഥ പിൻഗാമി താനാണെന്ന ദിനകരന്റെ വാദം അരക്കിട്ടുറപ്പിക്കുന്നതാണ് ആർ.കെ നഗറിലെ മിന്നുന്ന ജയം. പളനിസ്വാമി സർക്കാരിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയുയർത്തുന്നതാണു ദിനകരന്റെ വിജയം. ചെന്നൈ നഗരത്തിലുള്ള, മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ പേരിലുള്ള മണ്ധലം അണ്ണാ ഡി.എം.കെയുടെ ഉരുക്കുകോട്ടയായിരുന്നു. നിരവധി മലയാളികൾ വോട്ടർമാരായുള്ള മണ്ധലമാണിത്.
കാൽ നൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രമാണ് ആർ.കെ നഗറിൽ ഡി.എം.കെ വിജയിച്ചിട്ടുള്ളത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ് എം.ഡി.എം.കെ കക്ഷികൾ പിന്തുണച്ചിട്ടും ഡി.എം.കെയ്ക്കു കെട്ടിവച്ച പണം നഷ്ടമായി. മധുസൂദനന്റെയും ദിനകരന്റെയും അണികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കുറേനേരം വോട്ടെണ്ണൽ തടസപ്പെട്ടിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്താണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. പോലീസ് ഇടപെട്ട് സ്ഥിതിഗതി ശാന്തമാക്കിയതിനെത്തുടർന്നാണ് വോട്ടെണ്ണൽ പുരോഗമിച്ചത്. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി വൻവിജയം നേടുന്ന പതിവാണു ദിനകരൻ തെറ്റിച്ചത്. സ്വന്തം പക്ഷത്തുനിന്ന് എം.പിമാർ ഔദ്യോഗിക പക്ഷത്തേക്കു കൂറുമാറിയിട്ടും അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം നഷ്ടമായിട്ടും ദിനകരന്റെ പോരാട്ടവീര്യത്തിന് കുറവു വന്നില്ല. ആർ.കെ നഗറിൽ ആദ്യമായാണു സ്വതന്ത്രൻ വിജയം നേടുന്നത്.

