പാകിസ്ഥാനിൽ കലാപം രൂക്ഷം
ഇസ്ലാമബാദ് : പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് രൂപം കൊണ്ട കലാപം തീവ്രമാകുന്നു. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണ് കലാപത്തിലെത്തിയത്. ഇതുവരെ പോലീസുകാരനുൾപ്പെടെ നാല് പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഉപരോധത്തിൽ തുടങ്ങിയ സമര പരിപാടികൾ പാക് സേനയുടെയും പോലീസിന്റെയും ഇടപെടലോടെ കലാപത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇക്കഴിഞ്ഞ സപ്തംബറിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി മുതലാണ് പ്രതിഷേധങ്ങൾ തുടങ്ങുന്നത്. തെഹ്്രികെ ലെബെയ്ക് എന്ന തീവ്ര മത − രാഷ്ട്രീയപാർട്ടിയാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രതിഷേധക്കാർക്ക് നേരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാർ രംഗത്തുണ്ട്. കറാച്ചി, ലാഹോർ, റാവൽപിണ്ടി, പെഷാവർ നഗരങ്ങളിലും പ്രകടനം അക്രമാസക്തമായി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസാബാദിൽ പ്രക്ഷോഭകർ മുൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാെൻറ വീടും ആക്രമിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ലഹോർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലഹോറിലെ പലയിടത്തും ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത നിലയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സ്വകാര്യ ചാനലുകൾക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യുബ് പോലുള്ള സമൂഹമാധ്യമങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തി. പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനാണിതെന്നാണ് സർക്കാർ വാദം. അതേസമയം കലാപത്തിന് പിന്നിൽ ഇന്ത്യയാണെന്ന വിചിത്രവാദവുമായി പാക് സർക്കാർ രംഗത്തെത്തി. പാക് ആഭ്യന്തരമന്ത്രിയാണ് ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.


