53 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇമ്രാൻ ഖാന്റെ രണ്ട് സഹോദരിമാർക്ക് മോചനം; ഇമ്രാന്റെ ആരോഗ്യനില മോശമെന്ന് അഭിഭാഷക
ശാരിക
ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രണ്ട് സഹോദരിമാർക്ക് 53 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം.പൊതുസമാധാന നിയമപ്രകാരം കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായ ഡോ.ഉസ്മ ഖാനം, നൗറീൻ നിയാസി എന്നിവരെയാണ് പഞ്ചാബ് സർക്കാർ തടങ്കൽ ഉത്തരവ് പിൻവലിച്ചതിനെത്തുടർന്ന് മോചിപ്പിച്ചത്.അതേസമയം, ഇവർക്കൊപ്പം അറസ്റ്റിലായ മറ്റൊരു സഹോദരി അലീമ ഖാനവും, നേരത്തെ അറസ്റ്റിലായ ഇമ്രാന്റെ ഭാര്യ ബുഷ്റ ബിബിയും ഇപ്പോഴും ജയിലിൽ തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് പൊതുസമാധാനം ലംഘിച്ചുവെന്നാരോപിച്ച് ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ പഞ്ചാബ് സർക്കാർ അറസ്റ്റ് ചെയ്തത്.ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് പി.ടി.ഐ (PTI) പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇവരെ കരുതൽ തടങ്കലിലാക്കിയത്.എന്നാൽ, സഹോദരിമാരുടെ അറസ്റ്റ് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
അതിനിടെ, പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ അഭിഭാഷകർ ബുധനാഴ്ച ജയിലിൽ വെച്ച് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി.ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.ജയിലിൽ ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ദുസ്സഹമാണെന്നും, രക്തസമ്മർദം അപകടകരമായ വിധത്തിൽ ഉയരുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ ആശുപത്രിയിൽ ഏതാനും മണിക്കൂറുകൾ ചികിത്സ നൽകിയ ശേഷമാണ് 74-കാരനായ ഇമ്രാനെ വീണ്ടും ജയിലിലേക്ക് മാറ്റിയത്.


