ബഹ്റൈനിൽ ഓൺലൈൻ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പ്
മനാമ : ഓൺലൈൻ ഇടങ്ങളിലൂടെ ഗ്രാൻഡ് പ്രൈസുകളും മറ്റ് ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി−കറപ്ഷൻ, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഫോൺ കോളുകൾ, ലോട്ടറി അടിച്ചതായുള്ള സന്ദേശങ്ങൾ, ഇമെയിലുകൾ, എന്നിവയെ അവഗണിക്കാനും അവ അധികാരികളെ അറിയിക്കാനും ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.
പോലീസ് മീഡിയ സെന്റർ പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പിലെ ‘സെക്യൂരിറ്റി കൾച്ചർ’ കോളത്തിലാണ് ഈ മുന്നറിയിപ്പ്. ഈ വർഷം 188 വഞ്ചനാ കുറ്റങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പ്രതിവാര റേഡിയോ ഷോയിൽ ഡയറക്ടറേറ്റ് അറിയിച്ചു.


