അങ്ങനെ നവംബർ 13-ഉം കടന്നുപോയി; ശാസ്ത്രജ്ഞരുടെ ആ പ്രവചനം പാളി!
ശാരിക
നവംബർ 13-ന് ലോകം അവസാനിക്കുമെന്ന് 66 വർഷം മുമ്പ് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. എന്നാൽ, ഭൂമി നശിക്കുമെന്നോ മനുഷ്യരാശി ഇല്ലാതാകുമെന്നോ ആയിരുന്നില്ല ആ പഠനത്തിലെ മുന്നറിയിപ്പ്, മറിച്ച് ലോകജനസംഖ്യയുടെ അനിയന്ത്രിതമായ വർധനയെക്കുറിച്ചുള്ള ഗണിതശാസ്ത്രപരമായ ഒരു സൂചനയായിരുന്നു അത്. 1960 നവംബർ നാലിന് പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ 'സയൻസ്' ജേണലിലാണ് ഈ പഠനം പുറത്തുവന്നത്. ഭൗതികശാസ്ത്രജ്ഞനായ ഹൈൻസ് വോൺ ഫോർസ്റ്ററും സഹപ്രവർത്തകരായ പട്രീഷ്യ എം. മോറ, ലോറൻസ് ഡബ്ല്യു. അമിയോട്ട് എന്നിവർ ചേർന്ന് തയാറാക്കിയ ഈ പഠനത്തിന് 'ഡൂംസ്ഡേ: ഫ്രൈഡേ, നവംബർ 13, എ.ഡി. 2026' എന്നായിരുന്നു തലക്കെട്ട് നൽകിയിരുന്നത്.
ബി.സി 400 മുതൽ എ.ഡി 1958 വരെയുള്ള ലോകജനസംഖ്യയുടെ കണക്കുകൾ പരിശോധിച്ച ഗവേഷകർ, ജനസംഖ്യ ഇരട്ടിയാകാൻ വേണ്ടിവരുന്ന സമയം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടെത്തി. ഈ പ്രവണത തുടർന്നാൽ ലോകജനസംഖ്യ അസാധാരണമായ വേഗത്തിൽ വർധിക്കുമെന്ന് അവർ ഗണിതശാസ്ത്ര മാതൃകയിലൂടെ വിലയിരുത്തി. അവരുടെ കണക്കുകൂട്ടൽ പ്രകാരം 2020ഓടെ ലോകജനസംഖ്യ 2,500 കോടി കടക്കുകയും, 2026 നവംബർ 13-ഓടെ ഗണിതശാസ്ത്രപരമായി ജനസംഖ്യ അനന്തതയിലേക്ക് അടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ജനസംഖ്യ യഥാർഥത്തിൽ അനന്തമാകുമെന്നല്ല ഇതിനർത്ഥം; ജനസംഖ്യാ വർധനയെക്കുറിച്ചുള്ള പഴയ ഗണിതമാതൃകയ്ക്ക് യാഥാർഥ്യത്തെ വിശദീകരിക്കാൻ കഴിയാതെ വരുന്ന നിർണായക ഘട്ടത്തെയാണ് ഇത് സൂചിപ്പിച്ചത്. ഭാവിതലമുറ പട്ടിണികിടന്നല്ല, മറിച്ച് ജനപ്പെരുപ്പം മൂലമുള്ള സ്ഥലപരിമിതിയും തിരക്കും കാരണം കടുത്ത ദുരിതത്തിലാകുമെന്നായിരുന്നു ഗവേഷകർ നൽകിയ മുന്നറിയിപ്പ്. അതിനെയാണ് അവർ ‘അന്ത്യദിന’മായി വിശേഷിപ്പിച്ചത്.
ഈ തീയതിക്ക് പിന്നിൽ മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. പഠനത്തിന് നേതൃത്വം നൽകിയ ഹൈൻസ് വോൺ ഫോർസ്റ്ററുടെ ജന്മദിനമായിരുന്നു നവംബർ 13. 1911 നവംബർ 13നാണ് അദ്ദേഹം ജനിച്ചത്. അതിനാൽ ലോകാവസാന പ്രവചനത്തിന് ഈ തീയതി തിരഞ്ഞെടുത്തതിൽ ചെറിയൊരു തമാശയുടെ അംശവും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നിരുന്നാലും, കാലക്രമേണ ഈ ഗവേഷകരുടെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റിപ്പോകുകയാണുണ്ടായത്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം യഥാർഥ ജനസംഖ്യാ വർധനയുമായി പഠനത്തിലെ ഗണിതമാതൃകയ്ക്ക് സാമ്യമുണ്ടായിരുന്നെങ്കിലും, 1993-ഓടെ ജനസംഖ്യാ വർധന പ്രവചനങ്ങളെക്കാൾ വളരെ താഴെയായി മാറി. ആഗോളതലത്തിൽ ജനനനിരക്കിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. വിദ്യാഭ്യാസം, നഗരവത്കരണം, കുടുംബാസൂത്രണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ജനസംഖ്യാ വർധനയുടെ വേഗം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പഴയ ഗണിതമാതൃക പ്രകാരം 2025-ൽ ലോകജനസംഖ്യ ഏകദേശം 13,100 കോടിയിലെത്തേണ്ടതായിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഇന്നത്തെ ലോകജനസംഖ്യ ഏകദേശം 820 കോടി മാത്രമാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തിനുമുമ്പ് ജനസംഖ്യ അതിന്റെ പരമാവധിയിലെത്തിയശേഷം ക്രമേണ കുറയുമെന്നാണ് പുതിയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
sdfdsf


