ഹോങ്കോംഗിൽ വിദ്യാർഥി നേതാക്കൾക്ക് തടവുശിക്ഷ
ഹോങ്കോംഗ് : 2014ൽ ഹോങ്കോംഗിൽ നടന്ന ജനാധിപത്യ മുന്നേറ്റമായ അംബ്രല്ല മൂവ്മെന്റിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കൾക്ക് തടവുശിക്ഷ വിധിച്ചതിൽ പ്രതിഷേധം ശക്തം. ജയിൽ ശിക്ഷ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമ വകുപ്പ് നൽകിയ ശുപാർശയെ തുടർന്നാണ് ജോഷ്വ വോങ്, അലക്സ് ചോ, നതാൻ ലോ എന്നിവർക്ക് ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജയിൽ ശിക്ഷയ്ക്കായി ശുപാർശ ചെയ്ത നിയമ വകുപ്പിനെതിരായ പ്രധാന വിമർശം. എന്നാൽ ആരോപണം നിഷേധിച്ച് നിയമ വകുപ്പ് മേധാവി രംഗത്തെത്തി. നിയമ വകുപ്പിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഹോങ്കോംഗിൽ ഉയരുന്നത്.
തടവ് ശിക്ഷയ്ക്ക് വിധിച്ചതോടെ മൂന്ന് പേർക്കും നിയമനിർമാണ സഭയിലേക്ക് അഞ്ച് വർഷത്തേയ്ക്ക് മത്സരിക്കാൻ സാധിക്കില്ല.

