22 വർ‍­ഷങ്ങൾ‍­ക്ക് മു­ന്‍പ് നടന്ന നാല് കൊ­ലപാ­തകങ്ങൾ : ചൈ­നീസ് നോ­വലി­സ്റ്റ് അറസ്റ്റി­ൽ


ബെയ്ജിംഗ് : കൊലപാതകിയായ എഴുത്തുകാരനെക്കുറിച്ചുള്ള പുസ്തകം എഴുതിക്കൊണ്ടിരുന്ന ചൈനീസ് എഴുത്തുകാരൻ കൊലക്കേസിൽ അറസ്റ്റിലായി. ചൈനയിലെ വിഖ്യാതനായ ക്രൈം നോവലിസ്റ്റിനെ വർ‍ഷങ്ങൾ‍ പഴക്കമുള്ള നാല് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. 1995ൽ‍ നടന്ന കൊലപാതകങ്ങളിൽ‍ പ്രതിയായ ലിയു യങ്ബിയാവോയാണ് അറസ്റ്റിലായത്. 

ചൈനയിലെ ആൻ‍ഹുയി പ്രവിശ്യയിലുള്ള വീട്ടിൽ‍ നിന്നുമാണ് ലിയുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ജീവിത കഥ പ്രതിപാദിക്കുന്ന നോവൽ‍ എഴുതുന്നതിനിടെയാണ് ലിയുവിന്റെ അറസ്റ്റ്. പൊലീസ് എത്തിയപ്പോൾ‍ ‘നിങ്ങളെ ഞാൻ പ്രതീക്ഷിച്ചിരുന്നു’ എന്നാണ് ലിയു പ്രതികരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. കവർച്ചാ ശ്രമത്തിന്റെ ഭാഗമായി ജീജാങ് പ്രവിശ്യയിലെ ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന നാല് പേരെയാണ് ലിയുവും മറ്റൊരാളും ചേർന്ന് കൊലപ്പെടുത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം കൊലപാതകം തെളിയിക്കാൻ പോലീസിന് സാധിച്ചത്. ഞാൻ ഏറെക്കാലമായി സഹിച്ചുപോന്നിരുന്ന മാനസിക പീഡനങ്ങളിൽനിന്ന് ഒടുവിൽ എനിക്ക് സ്വതന്ത്രനാകാം എന്ന് ലിയു ഭാര്യക്ക് എഴുതിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജീവിതകഥയെ പ്രതിപാദിച്ചുള്ള പുസ്തകത്തിന് ‘ദി ബ്യൂട്ടിഫുൾ‍ റൈറ്റർ‍ ഹു കില്ലഡ്’ എന്ന് പേര് നൽ‍കാനാണ് ലിയു തീരുമാനിച്ചതെന്ന് റിപ്പോർ‍ട്ടുകളുണ്ട്. നിരവധി പുരസ്‌കാരങ്ങൾ‍ നേടിയിട്ടുള്ള ലിയു ചൈനയിലെ എഴുത്തുകാരുടെ അസോസിയേഷനിൽ‍ അംഗമാണ്. ലിയുവിന്റെ നോവലുകൾ‍ പ്രമേയമാക്കി നിരവധി ടെലവിഷൻ സീരിയലുകളും നിർ‍മ്മിക്കപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed