ചോദ്യം ചെയ്യൽ : ഷെരീഫും മക്കളും ഹാജരായില്ല
ലാഹോർ : വിദേശത്ത് അനധികൃത സ്വത്തുണ്ടെന്ന കേസിൽ അഴിമതിവിരുദ്ധ ബ്യൂറോ (എൻ.എ.ബി.) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മക്കളും ഹാജരായില്ല. പത്തംഗ എൻ.എ.ബി. സംഘം ചോദ്യം ചെയ്യലിനായി ഇന്നലെ റാവൽപിണ്ടിയിൽ നിന്നു ലാഹോറിലെത്തിയിരുന്നു. എന്നാൽ, വൈകുന്നേരം മൂന്നിന് ഓഫീസ് അടയ്‌ക്കും വരെ ഷെരീഫും മക്കളായ ഹുസൈനും ഹസനും ഹാജരായില്ല. ഇവർക്ക് വീണ്ടും സമൻസ് അയയ്‌ക്കാനാണ് എൻ.എ.ബിയുടെ നീക്കം.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടെന്നാണ് ഷെരീഫിന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പി.എം.എൽ നവാസിലെ പ്രമുഖ നേതാക്കളിലൊരാൾ പറഞ്ഞു. ഷെരീഫ് എത്തില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചെന്നും കാരണം വ്യക്തമാക്കിയില്ലെന്നും എൻ.എ.ബി വൃത്തങ്ങളും പ്രതികരിച്ചു. അതേസമയം, ഷെരീഫിനോ മക്കൾക്കോ സമൻസൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്‌ക്ക് ഹാജരാകുന്ന കാര്യത്തിൽ അവർ തീരുമാനമെടുക്കുമെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
പനാമ രേഖകളുടെ വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 28നാണ് അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് നവാസ് ഷെരീഫിന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് അയോഗ്യത കൽപ്പിച്ചത്. ഷെരീഫിനും മക്കൾക്കും പുറമേ മരുമകൻ സഫ്‌ദാർ, ബന്ധു കൂടിയായ ഫെഡറൽ ധനകാര്യമന്ത്രി ഇഷ്‌താഖ് ദാർ എന്നിവർക്കുമെതിരായ അഴിമതിയാരോപണങ്ങളും കള്ളപ്പണം വെളുപ്പിക്കൽ കേസും അന്വേഷിക്കാൻ എൻ.എ.ബിയോടു സുപ്രീം കോടതി നിർദ്‍ദേശിക്കുകയും ചെയ്‌തു. പ്രധാനമന്ത്രിപദത്തിന് അയോഗ്യത കൽപ്പിച്ച വിധിക്കെതിരെ ഷെരീഫ് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. ഇതിൽ തീരുമാനം കൈക്കൊള്ളുംവരെ വിധി നടപ്പാക്കൽ തടയണമെന്നാണ് മറ്റൊരു ഹർജി. അടുത്തമാസം ആദ്യം പുനഃപരിശോധനാ ഹർജി പരിഗണിച്ചേക്കും.

