സിയേറ ലിയോണിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 ആയി


ഫ്രീടൗൺ : ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 ആയി. അറുന്നൂറോളം പേരെ കാണാതായെന്നും റെഡ്ക്രോസ് അറിയിച്ചു. കെട്ടിടങ്ങൾ ഇടിഞ്ഞു വീണും റോഡുകളും വീടുകളും തകർന്നും രാജ്യത്ത് വലിയതോതിൽ നാശനഷ്ടമുണ്ടായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. പ്രളയബാധിത മേഖലയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പ്രസിഡന്റ് അഭ്യർഥിച്ചു. സൈന്യവും ദുരന്തനിവാരണസേനയും തിരച്ചിൽ തുടരുകയാണ്.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. ജനങ്ങൾ ഉറങ്ങിക്കിടക്കവെ അപകടമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി. കനത്തമഴയിൽ രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് ഉരുൾപൊട്ടിയാണ് ദുരന്തമുണ്ടായത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ മണ്ണിനടിയിലായി. ചെളിയിൽ അകപ്പെട്ടുപോയവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ 3000 പേർക്കെങ്കിലും വീട് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം.

'വലിയൊരു ദുരന്തമാണിത്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. പ്രളയത്തിൽ അകപ്പെട്ട നാട്ടുകാരെ രക്ഷിക്കാനും സുരക്ഷാപ്രദേശത്തേക്ക് മാറ്റാനും ശ്രമിക്കുകയാണ്.'- സിയേറ ലിയോൺ വൈസ് പ്രസിഡന്റ് വിക്ടർ ഫോ പറഞ്ഞു. ദുരന്തപ്രദേശത്ത് സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. മഴ മാറി വെള്ളം താഴ്ന്നാൽ മാത്രമേ മരിച്ചവരുടെ എണ്ണവും അപകട തീവ്രതയും കൃത്യമായി കണക്കാക്കാനാകൂ. 1.2 മില്യൺ ജനം പാർക്കുന്ന തീരദേശ നഗരമാണ് ഫ്രീടൗൺ. രാജ്യത്തെ 60 ശതമാനത്തിൽ അധികം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെയാണെന്ന് യുഎൻ രേഖകൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed