കിയാലിൽ ഉന്നതരുടെ സ്വന്തക്കാർക്കു സ്ഥാനക്കയറ്റവും വൻ ശമ്പള വർധനവും
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ)യിൽ ഉന്നതരുടെ സ്വന്തക്കാർക്കു വൻ ശമ്പള വർധനവും മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റവും. ഒരു ഉന്നത സിപിഎം നേതാവിന്റെ മകനു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി 10,000 രൂപയുടെ വർധനവും സ്ഥാനക്കയറ്റവും നൽകി ജൂനിയർ പ്രൊജക്ട് എൻജിനീയറാക്കി. മറ്റൊരാൾക്കു ശമ്പളം രണ്ടു ലക്ഷം രൂപയാക്കിയിട്ടുമുണ്ട്.
സിപിഎം നേതാവിന്റെ മകൻ 2015 സെപ്റ്റംബറിലാണു കിയാലിൽ ജൂനിയർ എക്സിക്യുട്ടീവ് (ഐടി) ആയി കരാറടിസ്ഥാനത്തിൽ ജോലിക്കു ചേർന്നത്. 20,000 രൂപയായിരുന്നു ശമ്പളം. 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തോടെ ഇയാളെ ജൂനിയർ പ്രൊജക്ട് എൻജിനീയറാക്കി സ്ഥാനക്കയറ്റം നൽകുകയാണു ചെയ്തത്. സ്ഥാനക്കയറ്റത്തിനു മൂന്നു വർഷം വേണമെന്ന നിബന്ധന നിലനിൽക്കെയാണ് ഇയാൾക്ക് ഒരു വർഷം കൊണ്ടു സ്ഥാനക്കയറ്റം നൽകുകയും ശമ്പളം 30,000 രൂപയാക്കുകയും ചെയ്തത്. ഏഴു മാസത്തെ ശമ്പള കുടിശിക നൽകാനും ഉത്തരവായിട്ടുണ്ട്.
ആക്ഷേപം ഒഴിവാക്കാനെന്നോണം, നേതാവിന്റെ മകനൊപ്പം കിയാലിൽ ചേർന്ന മറ്റു മൂന്നു ജൂനിയർ എക്സിക്യൂട്ടീവുകൾക്കും സ്ഥാനക്കയറ്റവും ശമ്പള വർധനവും കുടിശികയും നൽകിയിട്ടുണ്ട്. ഫിനാൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ശമ്പളം ഒന്നര ലക്ഷം രൂപയിൽനിന്നു രണ്ടു ലക്ഷം രൂപയാക്കി. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിനു മുൻപാണു ഇത്രയും ഭീമമായ ശമ്പളം നൽകുന്നത്.
അതേസമയം, അഞ്ചു വർഷത്തിലധികമായി കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്തു ജോലി ചെയ്യുന്ന പതിനഞ്ചോളം ജൂനിയർ പ്രൊജക്ട് എൻജിനീയർമാർക്കും അസി. മാനേജർമാർക്കും പരമാവധി ആയിരം രൂപയാണ് ഇത്തവണ വർധനവു നൽകിയത്. ഇവർക്ക് ഇപ്പോൾ ലഭിക്കുന്നതു 35,000 രൂപയ്ക്കും 39,000 രൂപയ്ക്കും ഇടയിലാണ്. കിയാലിൽ അഞ്ചു വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള എൻജിനീയർമാരെക്കാൾ ശമ്പളം ഉന്നതരുടെ സ്വന്തക്കാരായ ചില ഓഫിസ് സ്റ്റാഫുകൾക്കുണ്ട്.

