ബംഗ്ലാദേശിൽ കനത്തെ മഴയും മണ്ണിടിച്ചിലും : നൂറിലേറെ മരണം
ധാക്ക : കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ ബംഗ്ലാദേശിൽ നൂറിലേറെ മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണു കനത്ത മഴ ദുരന്തം വിതച്ചത്. സൈനികർ ഉൾപ്പെടെ 105 പേർ ഇതുവരെ മരിച്ചെന്നാണു റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
രംഗമതി ജില്ലയിൽ മാത്രം 76 പേർ മരിച്ചു. ഇവിടെ പ്രധാന റോഡിൽ അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലു സൈനികർ കൊല്ലപ്പെട്ടു. ആർമി മേജറും ക്യാപ്റ്റനും മരിച്ചവരിലുൾപ്പെടുന്നു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ട്.
ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണു മരിച്ചവരിൽ കൂടുതലും. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

