ഈ വർഷം 90 തവണ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചതായി പാകിസ്ഥാൻ
ഇസ്്ലാമാബാദ് : 2016ൽ മാത്രം ഇന്ത്യ 90 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി പാകിസ്ഥാൻ. പാകിസ്ഥാൻ വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ട്വിറ്ററിലൂടെ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2003ലെ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്നും പാകിസ്ഥാൻ ഒരിക്കൽ പോലും വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും പറഞ്ഞ നഫീസ് പാകിസ്ഥാനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇന്ത്യൻ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും കുറ്റപ്പെടുത്തി.
പ്രദേശത്ത് അശാന്തി പടരുന്നതിന്റെ പ്രധാന കാരണം ഇന്ത്യയാണെന്നും വിദ്വേഷകരമായ പ്രസ്താവനകളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയും പാകിസ്ഥാനെ ഇന്ത്യ മോശമാക്കാൻ ശ്രമിക്കുകയാണെന്നും നഫീസ് സഖറിയ കൂട്ടിച്ചേർത്തു.

