ചിപ്പറേലി നാളെ ചൊവ്വയിൽ
മോസ്കോ : ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി റഷ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന എക്സോ മാർസ് പദ്ധതിയുടെ ഭാഗമായി അയച്ച ചിപ്പറേലി എന്ന പര്യവേഷണ വാഹനം നാളെ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങും. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കിയ മദർഷിപ്പ് ട്രേസ് ഗാസ് ഓർബിറ്ററിൽ നിന്ന് വേർപെടുന്ന ചിപ്പറേലി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കി ഉപരിതലത്തിൽ ഇറങ്ങും. ബ്രിട്ടന്റെ ബീഗിൾ ടു പരാജയപ്പെട്ട ശേഷം ആദ്യമായാണ് യൂറോപ്പിൽ നിന്നും ചൊവ്വയിലേക്ക് പര്യവേഷണ വാഹനം അയക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷം, മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം മുതലായവയെ കുറിച്ച് പഠിക്കുകയാണ് ചിപ്പറേലിയുടെ ദൗത്യം.
അതേസമയം ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിക്കാനും പാറ അടക്കമുള്ളവ തുരന്ന് പഠനം നടത്താനും ലക്ഷ്യമിട്ട് 2018ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി ചൊവ്വയിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്ന പര്യവേക്ഷണ വാഹനത്തിന്റെ വിക്ഷേപണം 2020ലേക്ക് നീട്ടിയിരുന്നു. നിലവിൽ അമേരിക്കയുടെ ക്യൂരിയോസിറ്റി, ഓപ്പർച്യൂണിറ്റി എന്നീ അമേരിക്കൻ പര്യവേഷണ വാഹനങ്ങൾ ചൊവ്വയിലുണ്ട്.

