അസഭ്യ ഭാഷയെന്നാരോപിച്ച് പഞ്ചാബിയ്ക്ക് നിരോധനം
ലാഹോർ : അസഭ്യ ഭാഷയെന്നാരോപിച്ച് പാകിസ്ഥാനിലെ ചില സ്‌കൂളുകളിൽ പഞ്ചാബി ഭാഷ നിരോധിച്ചു. അസഭ്യ ഭാഷയായതിനാല്‍ സ്‌കൂളിന് അകത്തും വീട്ടിലും പഞ്ചാബി സംസാരിക്കുന്നത് നിരോധിക്കുകയാണെന്നു കാണിച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂൾ അധികൃതര്‍ നല്‍കിയ നോട്ടീസ് നൽകുകയായിരുന്നു. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയായ ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലടക്കമാണ് നിരോധനം.
സംഭവത്തിനെതിരെ മാതാപിതാക്കളും പഞ്ചാബി ഭാഷാ പണ്ഡിതരും രംഗത്ത് വന്നിട്ടുണ്ട്. മാതൃഭാഷ സംസാരിക്കാനുള്ള അവകാശം ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതരുടേത് പഞ്ചാബി സംസ്‌കാരത്തെ മുഴുവന്‍ അപമാനിക്കുന്ന നിലപാടാണെന്നും, പഞ്ചാബി മാതൃഭാഷയായുള്ളവരോട് സ്‌കൂൾ അധികൃതർ മാപ്പ് ചോദിക്കണമെന്നും വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പഞ്ചാബിയെന്നും ലോകത്തുള്ള മുഴുവന്‍ പഞ്ചാബികളേയും അപമാനിക്കുന്നതാണ് സ്‌കൂളിന്റെ തീരുമാനമെന്നും അഭിപ്രായമുണ്ട്. പാകിസ്താനില്‍ പഞ്ചാബി സംസാരിക്കുന്ന നിരവധി പേരുണ്ട്. പാകിസ്ഥാനിലെ മുപ്പത് നഗരങ്ങളിലെ സ്‌കൂളുകളുടെ സംഘടനയായ ബീക്കണ്‍ ഹൗസ് സ്‌കൂള്‍ സിസ്റ്റമാണ് പഞ്ചാബി ഭാഷ നിരോധിച്ചത്.

